Join News @ Iritty Whats App Group

എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ കേരളം കേന്ദ്ര ഏജന്‍സികളുടെ റഡാറിലേക്ക് വരും ; ശക്തമായ നടപടികളുണ്ടാകുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന


തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫല പ്രഖ്യാപനത്തിനു ശേഷം കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന ചര്‍ച്ച സജീവം. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ക്ക് അനുസൃതമായി എന്‍.ഡി.എ കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ശക്തമായ നടപടികളുണ്ടാകുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

കേരളത്തിലും വേരുറപ്പിക്കാന്‍ കേന്ദ്ര ഏജന്‍സിയെ ബി.ജെ.പി ദേശീയ നേതൃത്വം ഉപയോഗിക്കുമെന്നാണ് വിലയിരുത്തല്‍. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസില്‍ കോടതികളില്‍ കേന്ദ്ര ഏജന്‍സി നല്‍കുന്ന മറുപടികളിലും ശക്തമായ നടപടികളുണ്ടാകുമെന്ന സൂചനകളുണ്ട്.

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസെടുക്കാന്‍ രണ്ടു തവണ പോലീസ് മേധാവിക്ക് കത്തെഴുതിയെന്ന് ഹൈക്കോടതിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. ഈ കേസില്‍ വിജിലന്‍സ് അന്വേഷണാവശ്യം തള്ളിയ തിരുവനന്തപുരം കോടതിയുടെ വിധിക്കെതിരേ കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയിലുണ്ട്. ഈ കേസില്‍ കേന്ദ്ര ഏജന്‍സികളെ ഹൈക്കോടതി കക്ഷി ചേര്‍ത്താല്‍ ആരോപണ വിധേയര്‍ക്കു പ്രതിസന്ധി കൂടും.

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ചാണ് കേന്ദ്ര ഏജന്‍സികള്‍ രംഗത്തുള്ളത്. എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ക്രമക്കേടുകള്‍ ഇ.ഡി. ഹൈക്കോടതിയെ അറിയിക്കും. അങ്ങനെ വന്നാല്‍ എന്തു കൊണ്ടാണ് ഇ.ഡി. ആവശ്യപ്രകാരം കേസെടുക്കാത്തത് എന്ന് പോലീസിനും കോടതിയില്‍ വിശദീകരിക്കേണ്ടി വരും. സങ്കീര്‍ണമായ സാഹചര്യം പോലീസിനും അതുണ്ടാക്കും.

കിഫ്ബി മസാല ബോണ്ടു കേസുകളേയും തെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കും. ബി.ജെ.പിയെ അട്ടിമറിച്ച് കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കേന്ദ്ര ഏജന്‍സികള്‍ എല്ലാ കേസിലും മൗനത്തിലാകുമെന്നും വിലയിരുത്തലുണ്ട്.

സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരേ ഈ ആരോപണങ്ങള്‍ ചര്‍ച്ചയാക്കുന്നത് കോണ്‍ഗ്രസാണ്. എങ്കിലും കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സി.പി.എമ്മിനെ ആലോസരപ്പെടുത്തുന്നതൊന്നും കേന്ദ്ര സര്‍ക്കാരിന് ചെയ്യാനാകില്ലെന്നതാണു വിലയിരുത്തല്‍.

Post a Comment

Previous Post Next Post
Join Our Whats App Group