Join News @ Iritty Whats App Group

''സദ്‌ഭരണം ഉറപ്പ്‌, തീരുമാനങ്ങള്‍ ഒന്നിച്ച്‌'', ഇനി മുന്നണി ഗ്യാരന്റി; കളം മാറ്റിച്ചവിട്ടി മോദി

ന്യൂഡല്‍ഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ജനാധിപത്യസഖ്യം (എന്‍.ഡി.എ) എം.പിമാര്‍ യോഗം ചേര്‍ന്ന്‌ നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുത്തതോടെ കേന്ദ്രത്തിലെ ഭരണമാറ്റം സംബന്ധിച്ച അനിശ്‌ചിതത്വത്തിനു വിരാമമായി. മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍.ഡി.എ. സര്‍ക്കാര്‍ നാളെ രാത്രി 7.15 ന്‌ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേല്‍ക്കും. രാഷ്‌ട്രപതി ഭവനില്‍ സത്യപ്രതിജ്‌ഞയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പഴയ പാര്‍ലമെന്റ്‌ മന്ദിരത്തിലെ സംവിധാന്‍ സദനില്‍ (സെന്‍ട്രല്‍ ഹാള്‍) ചേര്‍ന്ന എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കാവല്‍മന്ത്രിസഭയിലെ പ്രതിരോധമന്ത്രിയും ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷനുമായ രാജ്‌നാഥ്‌ സിങ്‌ മോദിയെ നേതാവായി നിര്‍ദേശിച്ചു.
സ്‌ഥാനമൊഴിയുന്ന ആഭ്യന്തരമന്ത്രിയും ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷനുമായ അമിത്‌ ഷാ പിന്താങ്ങി. രാജ്‌നാഥ്‌ സിങ്ങിനും അമിത്‌ ഷായ്‌ക്കും പുറമേ മുന്‍മന്ത്രിസഭയില്‍നിന്നു ബി.ജെ.പി. മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി, പീയൂഷ്‌ ഗോയല്‍, മുതിര്‍ന്നനേതാവ്‌ രവിശങ്കര്‍ പ്രസാദ്‌, കേരളത്തില്‍നിന്നുള്ള ഏക ബി.ജെ.പി. ലോക്‌സഭാംഗം സുരേഷ്‌ ഗോപി തുടങ്ങിയവരും നാളെ മോദിക്കൊപ്പം സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണു സൂചന. പീയൂഷ്‌ ഗോയല്‍ പുതിയ ധനമന്ത്രിയാകുമെന്നും സൂചനയുണ്ട്‌.
എന്‍.ഡി.എ. നേതാക്കളായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ (ജനതാദള്‍ യുണൈറ്റഡ്‌), ടി. ചന്ദ്രബാബു നായിഡു (ടി.ഡി.പി), മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിന്‍ഡെ (ശിവസേന), ചിരാഗ്‌ പസ്വാന്‍ (എല്‍.ജെ.പി. രാംവിലാസ്‌), എച്ച്‌.ഡി. കുമാരസ്വാമി (ജെ.ഡി.എസ്‌), അജിത്‌ പവാര്‍ (എന്‍.സി.പി), അനുപ്രിയ പട്ടേല്‍ (അപ്‌നാദള്‍-എസ്‌), പവന്‍ കല്യാണ്‍ (ജനസേന) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസനക്കുതിപ്പ്‌ നടത്തുമെന്ന്‌ നായിഡുവും എന്നും മോദിക്കൊപ്പമെന്നു നിതീഷും ആശംസാപ്രസംഗങ്ങളില്‍ വ്യക്‌തമാക്കി. മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത കത്ത്‌ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്‌ഡയും തങ്ങളുടെ പിന്തുണക്കത്ത്‌ എന്‍.ഡി.എ. സഖ്യകക്ഷി നേതാക്കളും പിന്നീട്‌ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനു കൈമാറി.

മോദി സര്‍ക്കാര്‍ 'മാറി'; എന്‍.ഡി.എ. സര്‍ക്കാര്‍!

ബി.ജെ.പിക്കു സമ്പൂര്‍ണാധിപത്യമുണ്ടായിരുന്ന ആദ്യത്തെ രണ്ട്‌ സര്‍ക്കാരുകളില്‍നിന്ന്‌, ഘടകകക്ഷികള്‍ക്കു നിര്‍ണായകസ്വാധീനമുള്ള മുന്നണിസര്‍ക്കാരിലേക്കുള്ള മാറ്റം തിരിച്ചറിഞ്ഞായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദിയുടെ ദീര്‍ഘമായ പ്രസംഗം. മോദി സര്‍ക്കാര്‍ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന മുന്‍ശൈലി മാറ്റി, പ്രസംഗത്തിലുടനീളം എന്‍.ഡി.എ. സര്‍ക്കാര്‍ എന്നായിരുന്നു പരാമര്‍ശം. എന്‍.ഡി.എ. പരസ്‌പരവിശ്വാസത്തില്‍ അധിഷ്‌ഠിതമാണെന്നും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണനയാണു മുന്നണിയുടെ തത്വശാസ്‌ത്രമെന്നും മോദി വ്യക്‌തമാക്കി.

രാജ്യത്തെ മുന്നണി സര്‍ക്കാരുകളുടെ ചരിത്രം പരിശോധിച്ചാല്‍, ഇപ്പോഴത്തേതാണ്‌ ഏറ്റവും ശക്‌തം. അടുത്ത സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും ഏകകണ്‌ഠമാണെന്ന്‌ ഉറപ്പുവരുത്തും. രാജ്യത്തിനു പ്രഥമപരിഗണനയെന്ന തത്വത്തില്‍ പ്രതിജ്‌ഞാബദ്ധമായ ''ജൈവമുന്നണി''യാണു ദേശീയ ജനാധിപത്യസഖ്യം. അടുത്ത ''10 വര്‍ഷത്തെ'' എന്‍.ഡി.എ. സര്‍ക്കാരുകള്‍ സദ്‌ഭരണം, വികസനം, ജനങ്ങളുടെ ജീവിതഗുണനിലവാരം എന്നിവയ്‌ക്കു മുന്‍ഗണന നല്‍കുമെന്നു വ്യക്‌തമാക്കിയ മോദി ഭാവിരാഷ്‌ട്രീയത്തിലേക്ക്‌ ഒരുമുഴം നീട്ടിയെറിഞ്ഞു. കേരളത്തില്‍ ആദ്യമായി ബി.ജെ.പി. അക്കൗണ്ട്‌ തുറന്നതും പ്രസംഗത്തില്‍ മോദി എടുത്തുപറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group