Join News @ Iritty Whats App Group

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന


ബെംഗളൂരു: എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതിനാൽ മാർച്ച് 10 മുതൽ നഗരത്തിലെ ഹോട്ടലുകൾ അടച്ചിടുമെന്ന് ബെംഗളൂരുവിലെ ഹോട്ടൽ ഉടമകളുടെ സംഘടന. പശ്ചിമേഷ്യയിലെ സംഘർഷത്തിന് പിന്നാലെ പാചക വാതക വിതരണത്തിൽ തടസങ്ങൾ നേരിട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പ്. വാണിജ്യ ഗ്യാസ് വില കുത്തനെ കൂടിയതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ ഗ്യാസ് വിതരണം പൂർണമായി നിർത്തി വച്ചതിന് പിന്നാലെയാണ് പ്രതിസന്ധി വന്നതെന്നാണ് ഹോട്ടലുടമകളുടെ സംഘടന വിശദമാക്കുന്നത്. ഗ്യാസ് വിതരണം നിലച്ചതിനാൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. അതിനാൽ, മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന വിശദമാക്കുന്നത്.

ഹോട്ടൽ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് ആണ് ഈ മുന്നറിയിപ്പ് നൽകിയത്. ഇത് ഞങ്ങളുടെ സ്വന്തം തീരുമാനമല്ല, സർക്കാർ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദമാണ്. മുൻകൂട്ടി ഒരു അറിയിപ്പ് തന്നിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. ഹോട്ടലുകൾ അടച്ചിടാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല, പക്ഷേ ഞങ്ങൾക്ക് സിലിണ്ടറുകൾ കിട്ടുന്നില്ല. നാളെ ഉച്ചവരെ പ്രവർത്തിക്കാനുള്ള ഗ്യാസ് മാത്രമേ ഇപ്പോൾ ഞങ്ങളുടെ കൈവശമുള്ളൂ. അതിനകം സർക്കാർ വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ എല്ലാ ഹോട്ടലുകളും അടച്ചിടുമെന്നാണ് കൃഷ്ണരാജ് പറയുന്നത്. കുറഞ്ഞത് 15 ദിവസം മുൻപെങ്കിലും മുന്നറിയിപ്പ് നൽകേണ്ടതായിരുന്നു എന്നും കൃഷ്ണരാജ് കൂട്ടിച്ചേർത്തു. വിതരണം പെട്ടെന്ന് നിർത്തിയാൽ ഹോട്ടലുകൾ പൂട്ടുകയല്ലാതെ ഞങ്ങൾക്ക് മറ്റ് വഴികളില്ല. സംഘടന ഔദ്യോഗികമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ല. പക്ഷേ ഭക്ഷണം പാകം ചെയ്യാൻ സാധനങ്ങളില്ലെങ്കിൽ അടച്ചിടുകയേ നിവൃത്തിയുള്ളൂ. സർക്കാർ ഉടൻ വിഷയത്തിൽ ഇടപെടണമെന്നാണ് കൃഷ്ണരാജ് ആവശ്യപ്പെടുന്നത്.

70 ദിവസത്തേക്ക് ആവശ്യമായ ഗ്യാസ് സ്റ്റോക്കുണ്ടെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് രാവിലെ മുതൽ ഗ്യാസ് സിലിണ്ടർ വിതരണം പെട്ടെന്ന് നിലച്ചു. ഹോട്ടലുകൾ ദിവസേനയാണ് ഗ്യാസ് വാങ്ങുന്നത്, അതിനാൽ വലിയ സ്റ്റോക്ക് ആരുടെയും കൈവശമില്ല. ചില ഹോട്ടലുകളിൽ നാളെ ഉച്ചവരെ പ്രവർത്തിക്കാനുള്ള ഗ്യാസ് മാത്രമാണുള്ളത്. ഈ പ്രതിസന്ധി ബെംഗളൂരുവിൽ മാത്രമല്ല, തമിഴ്‌നാട്ടിലും സമാനമായ അവസ്ഥയാണുള്ളതെന്ന് സംഘടന പറയുന്നു.

സംസ്ഥാന സർക്കാരിനോട് ചോദിച്ചാൽ അവർ കേന്ദ്ര സർക്കാരിനെയാണ് പഴിചാരുന്നത്. എന്നാൽ ഗ്യാസ് സിലിണ്ടർ വിഷയത്തിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ട്. അവർ ഇതിനൊരു പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു. ഹോട്ടലുകൾ അടച്ചിട്ടാൽ അത് എല്ലാവരെയും ബാധിക്കും. ഉടമകൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകും. കർഷകരിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്നത് ഹോട്ടലുകളാണ്. മുന്നറിയിപ്പില്ലാതെ ഗ്യാസ് വിതരണം നിർത്തിയാൽ ഈ വ്യവസായം തന്നെ തകരുമെന്നും ഹോട്ടലുടമകൾ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group