മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിന് പിന്നാലെ സുപ്രധാന നീക്കവുമായി ടെലികോം കമ്പനികള്‍. രാജ്യത്തെ ടെലികോം സര്‍വീസുകളുടെ താരിഫുകള്‍ ഉയര്‍ത്താനാണ് കമ്പനികളുടെ നീക്കം. നേരത്തെ ഇത്തരത്തില്‍ ഒരു നീക്കത്തിന് കമ്പനികള്‍ പദ്ധതിയിട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
രാജ്യത്തെ മുന്‍നിര ടെലികോം സര്‍വീസുകളായ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയും ഉള്‍പ്പെടെയുള്ള കമ്പനികളാണ് താരിഫ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നത്. കുറഞ്ഞത് 25 ശതമാനം വരെ താരിഫ് നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
5ജി സേവനങ്ങള്‍ക്കായി വന്‍ നിക്ഷേപം ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് കമ്പനികള്‍ സുപ്രധാന നീക്കത്തിനൊരുങ്ങുന്നത്. ഇതുകൂടാതെ സ്‌പെക്ട്രം ലേലത്തിലെ കനത്ത ബാധ്യതയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വലിയ നിക്ഷേപം നടത്തിയതും കണക്കിലെടുത്താണ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്.
ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം മുന്നൂറ് രൂപയിലധികമാകാതെ രാജ്യത്തെ ടെലികോം സേവനം ലാഭകരമായി മുന്നോട്ട് പോകില്ലെന്ന നിലപാടിലാണ് എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പറയുന്നത്. എയര്‍ടെല്ലാകും ആദ്യം താരിഫുകള്‍ ഉയര്‍ത്തുക. പിന്നാലെ മറ്റ് കമ്പനികളും താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post a Comment