Join News @ Iritty Whats App Group

കോരിച്ചൊരിയുന്ന മഴയില്‍ രണ്ടു ദിവസം കാട്ടിനുള്ളില്‍ കുടുങ്ങിയ വയോധികയെ തെരച്ചിലിനൊടുവില്‍ കണ്ടെത്തി

ഇരിട്ടി: കോരിച്ചൊരിയുന്ന മഴയില്‍ രണ്ടു ദിവസം കാട്ടിനുള്ളില്‍ കുടുങ്ങിയ വയോധികയെ തെരച്ചിലിനൊടുവില്‍ കണ്ടെത്തി.

തില്ലങ്കേരി മച്ചൂര്‍മലയിലെ കോട്ടത്തറ വീട്ടില്‍ വെള്ളുവക്കണ്ടി ദേവി (90)യാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും ഇഴജന്തുക്കളുടെ കടിയേല്‍ക്കാതെയും രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് ഇവരെ കാട്ടിനുള്ളില്‍ കണ്ടെത്തിയത്. ഓര്‍മക്കുറവുണ്ടായിരുന്ന ദേവിയെ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കാണാതായത്.

മകള്‍ വസന്തയ്ക്കൊപ്പം താമസിക്കുന്ന ദേവി രാവിലെയായാല്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങി നടക്കുന്നത് പതിവാണ്. ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ നാട്ടുകാർ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നു മുഴക്കുന്ന് പോലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെ തിങ്കളാഴ്ച്ച രാവിലെ വീടിന് സമീപത്തെ കാട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച മുഴുവനും പ്രതികൂല കാലാവസ്ഥയിലും നാട്ടുകാർ കുന്നും കാടും കയറി തെരച്ചല്‍ നടത്തിയിരുന്നു. കാടു വളർന്ന് പല സ്ഥലങ്ങളിലും തെരച്ചിലിന് പ്രയാസമായിരുന്നു. വയോധികയെ കാണാത്തതിനാല്‍ കനത്ത മഴയിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാർ തെരച്ചിലിന് ഇറങ്ങുകയായിരുന്നു. 

പോലീസും ഡോഗ് സ്‌ക്വാഡും അടക്കം കാട് മുഴുവനും തെരച്ചല്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്ററോളം അകലെയുള്ള ശിവപുരം പടുപാറയ്ക്ക് സമീപത്തെ റബർ തോട്ടത്തില്‍ വച്ചു കണ്ടെത്തിയത്. കാടുകള്‍ വെട്ടിത്തെളിച്ചാണ് ജനങ്ങള്‍ വയോധികയെ കണ്ടെത്താൻ രണ്ടു ദിവസത്തോളം പരിശ്രമിച്ചത്. ഓർമക്കുറവുള്ള വയോധിക കാട്ടിലൂടെ നടന്ന് ഇവിടെയെത്തുകയായിരുന്നു. 

രണ്ടു ദിവസമായുള്ള മഴ മുഴുവനായും നനഞ്ഞു. മരത്തില്‍ പിടിച്ചു നില്‍ക്കുന്ന നിലയിലാണ് ദേവിയെ കണ്ടെത്തിയത്. നെറ്റിക്ക് മുറിവുള്ളതിനാല്‍ ഇവരെ പേരാവൂർ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നല്‍കി വീട്ടിലേക്ക് അയച്ചു. നടന്നു കാടുകയറിയപ്പോള്‍ വീണു പരിക്കേറ്റതായിരിക്കാം നെറ്റിക്കുള്ള മുറിവെന്നാണ് നിഗമനം. വീണപ്പോള്‍ ബോധമില്ലാതായിരിക്കാം കാട്ടില്‍ കുടുങ്ങിയതെന്നും നാട്ടുകാർക്ക് സംശയമുണ്ട്. രണ്ടു ദിവസം എവിടെയായിരുന്നുവെന്ന് നാട്ടുകാർ ചോദിച്ചപ്പോള്‍ ഞാൻ എവിടെയും പോയിട്ടില്ലെന്നായിരുന്നു ദേവിയുടെ റുപടി.

Post a Comment

Previous Post Next Post
Join Our Whats App Group