കോട്ടയം: പി.എസ്.സി. പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയാണെന്ന് ആവകാശപ്പെട്ടു മറ്റൊരാളുടെ ജോലി നഷ്ടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്കെതിരേ നേരിട്ടു കേസെടുത്തു കോടതി. പോലീസ് എഴുതിത്തള്ളിയ കേസിലാണു കോടതിയുടെ ഇടപെടല്‍.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലെ റാങ്ക് ലിസ്റ്റിലായിരുന്നു ആള്‍മാറാട്ടം. 233-ാം നമ്പര്‍ ഉദ്യോഗാര്‍ഥി താനാണന്ന് അവകാശപ്പെട്ടു പരീക്ഷ പോലും എഴുതാത്ത പ്രതി രേഖകള്‍ ചമച്ചു തനിക്കു റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ വില്ലേജ് അസിസ്റ്റന്റായി ജോലി ഉള്ളതിനാല്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ജോലി ആവശ്യമില്ലന്നു കാണിച്ചു പി.എസ്.സിക്ക് കത്തുനല്‍കുകയായിരുന്നു.
സംഭവത്തില്‍ കൊല്ലം താട്ടു കരവിള തെക്കേതില്‍ വീട്ടില്‍ എസ്. ശ്രീജക്കെതിരെയാണു കോട്ടയം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് വിവിജ സേതുമാധവന്‍ നേരിട്ട് കേസെടുത്തത്. ശ്രീജ തന്റെ രജിസ്റ്റര്‍ നമ്പര്‍ 111059 ആണെന്നും റാങ്ക് നമ്പര്‍ 233 ആണെന്നും കാണിച്ചു വ്യാജ രേഖകള്‍ സൃഷ്ടിച്ച് പി.എസ്.സി.യില്‍ സമര്‍പ്പിച്ചതോടെ യഥാര്‍ഥ 233 -ാം നമ്പര്‍ റാങ്കുകാരി ലിസ്റ്റില്‍ നിന്ന് ഒഴിവായി.
ഈ വിവരം യാദൃശ്ചികമായി അറിഞ്ഞ യഥാര്‍ഥ ഉദ്യോഗാര്‍ഥി പി.എസ്.സിയെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തതിനെത്തുടര്‍ന്നു പി.എസ്.സി. കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. പോലീസ് പ്രതിക്കെതിരെ കേസെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍, വിചിത്രമെന്നോണം പോലീസ് കേസ് എഴുതിത്തള്ളി. തുടര്‍ന്ന് പി.എസ്.സി. കോട്ടയം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ അഡ്വ. പി. രാജീവ് മുഖേനെ സ്വകാര്യ അന്യായം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണു കോടതി പ്രതിക്കെതിരേ കേസ് എടുത്തത്.
Post a Comment