മലപ്പുറം: സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉള്ള പാഴ്‍വേലയുടെ ഭാഗമായാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിന്‍റേത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണം. സിഎഎ ഇപ്പോൾ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പു നൽകിയത്. കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടി. കേന്ദ്ര സർക്കാരിന്‍റെ നടപടിയെ ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ സിഎഎ നടപ്പാക്കിയത്. 14 പേരുടെ പൗരത്വ സർട്ടിഫിക്കറ്റ് ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് കൈമാറി. സിഎഎക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ ഇത് നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 2019ൽ കൊണ്ടു വന്ന പൗരത്വ നിയമസഭേദഗതി രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനുശേഷം നടപ്പാക്കാതെ മാറ്റി വച്ച നിയമത്തിന്‍റെ ചട്ടങ്ങൾ ഇക്കഴിഞ്ഞ മാർച്ചിലാണ് സർക്കാർ പുറത്തു വിട്ടത്.
ഇതിനു പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉണ്ടായത്. അപേക്ഷകൾ പരിഗണിക്കാൻ ജില്ലാതല സമിതിയും ഇത് പരിശോധിക്കാൻ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിർദ്ദേശം. പൗരത്വം നല്കുന്നത് സെൻസസ് ഡയറ്കർ ജനറൽ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനോട് സഹകരിച്ചിരുന്നില്ല.
രാജസ്ഥാൻ, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കാണ് തുടക്കത്തിൽ പൗരത്വം നല്കിയിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികളാണ് തുടക്കത്തിൽ പൗരത്വം കിട്ടിയിരിക്കുന്നത്. കൂടുതൽ അപേക്ഷകർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ അയച്ചു കൊടുക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്.
إرسال تعليق