Join News @ Iritty Whats App Group

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്


ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നതിന് തല്‍ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹരിപ്പാട് യുവതി മരിച്ച സംഭവത്തില്‍ അരളിപ്പൂവാണ് കാരണമെന്ന ആധികാരിക റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ഹരിപ്പാട് സ്വദേശിയായ സൂര്യ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടാണ് അരളിപ്പൂവിലെ വിഷാംശം ചർച്ചയാകുന്നത്. യുകെയിലേക്ക് പോകാന്‍ വിമാനതാവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സൂര്യ സുരേന്ദ്രന്‍ ഫോണ്‍ ചെയ്യുന്നതിനിടെ അരളിയുടെ പൂവും ഇലയും നുള്ളി വായിലിട്ട് കടിച്ചിരുന്നുവെന്നും പെട്ടെന്ന് തുപ്പിക്കളയുകയും ചെയ്തുവെന്ന് പറയുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് സൂര്യ കുഴഞ്ഞുവീഴുന്നത്. ഏപ്രിൽ 28നാണ് സംഭവം നടക്കുന്നത്.

രാവിലെ പള്ളിപ്പാട്ടെ വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. വഴിയിലുടനീളം സൂര്യ ഛർദിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് അത്ര ഗൗരവമായെടുത്തില്ല. വിമാനത്താവളത്തിലെത്തിയ സൂര്യ രാത്രി എട്ട് മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് തിങ്കളാഴ്ച ആരോഗ്യ നില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group