Join News @ Iritty Whats App Group

ഇന്ത്യാ-കാനഡ ബന്ധം വഷളാക്കിയ നിജ്ജാര്‍ കൊലപാതകം ; മൂന്ന് ഇന്ത്യാക്കാരെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യാ - കാനഡ നയതന്ത്രബന്ധം വഷളാക്കി കഴിഞ്ഞ വര്‍ഷം ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ ഹിറ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന മൂന്ന് ഇന്ത്യക്കാരെ കനേഡിയന്‍ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കരണ്‍ ബ്രാര്‍, 22, കമല്‍പ്രീത് സിംഗ്, 22, കരണ്‍പ്രീത് സിംഗ്, 28 എന്നിങ്ങനെയുള്ളവരാണ് പിടിയിലായിരിക്കുന്നത്.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കൊലപാതകത്തില്‍ 'ഇന്ത്യന്‍ ഏജന്റുമാരുടെ' പങ്ക് ആരോപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിന്റെ പ്രഭവകേന്ദ്രമായി നിജ്ജാറിന്റെ കൊലപാതകം മാറിയിരുന്നു. കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. അറസ്റ്റിലായ ഇന്ത്യാക്കാര്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയില്‍ എത്തിയവരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ ഇവര്‍ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നവരാണെന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷമായി ആല്‍ബര്‍ട്ടയില്‍ താല്‍ക്കാലികമായി താമസിക്കുകയാണെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന സൂപ്രണ്ട് മന്‍ദീപ് മൂക്കര്‍ പറഞ്ഞു. കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍, വിവിധ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യ തിരയുന്ന ഭീകരനാണ്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.

2023 ജൂണ്‍ 18-ന് സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചായിരുന്നു നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. കനേഡിയന്‍ പൗരത്വമുള്ള നിജ്ജാറിനെ ഇന്ത്യന്‍ ഏജന്റുകളാണ് കൊലപ്പെടുത്തിയതെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം രണ്ടു രാജ്യങ്ങളും തമ്മില്‍ വന്‍ തര്‍ക്കത്തിന് കാരണമായി, ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. ട്രൂഡോയുടെ ആരോപണം നിരസിച്ച ഇന്ത്യ, വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് ഒരിക്കല്‍ കൂടി കാണിക്കുന്നുവെന്ന് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group