Join News @ Iritty Whats App Group

‘കൂടോത്രവും നരബലിയും’; ഡികെ ശിവകുമാറിന്റെ ആരോപണങ്ങൾ കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തത്, തള്ളി ദേവസ്വംമന്ത്രി


കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തകർക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടന്നെന്ന ഡികെ ശിവകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കർണാടക ഉപമുഖ്യമന്ത്രിയുടെ ആരോപണം കേരളത്തിൽ നടക്കാനിടയില്ലാത്ത കാര്യമാണെന്ന് കെ രാധാകൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലാകാനും ഉണ്ടാകാനും സർക്കാർ നിലംപൊത്താനുമായി രാഷ്ട്രീയ ശത്രുക്കൾ ശത്രു ഭൈരവി യാഗം ഉൾപ്പടെയുള്ള ദുർമന്ത്രവാദങ്ങൾ നടത്തിയതായി വിവരം ലഭിച്ചെന്നാണ് ഡികെയുടെ ആരോപണം. കർണാടകയിൽ വരാനിരിക്കുന്ന എംഎൽസി തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിന്‍റെ അവസാനമാണ് തീർത്തും അനൗദ്യോഗികമായും തമാശ മട്ടിലും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തുന്നത്.

‘കേരളത്തിലെ രാജ രാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശത്രു ഭൈരവി യാഗം ഉൾപ്പടെ നടന്നു. ഇതിൽ പങ്കെടുത്തയാളാണ് രഹസ്യ വിവരം നൽകിയത്. അവർ എന്ത് വേണേലും ചെയ്യട്ടെ. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണ്’ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ദുർമന്ത്രവാദത്തെ കൂട്ട് പിടിക്കുന്നതും ആരെന്നു തനിക്ക് അറിയാമെന്നും അവരതിൽ വിദഗ്ധർ ആണെന്നും ഡികെ പറഞ്ഞു.

‘അഘോരി സന്യാസിമാരും ഈ ദുർമന്ത്രവാദ കർമങ്ങളിൽ പങ്കെടുത്തു. 42 ആടുകളെയും മൂന്നു കന്നുകാലികളെയും അഞ്ചു പന്നികളെയും യാഗത്തിന് ശേഷം ബലി നൽകിയാണ് കർമങ്ങൾ അവസാനിച്ചത്. രാജ കണ്ടക, മരണ മോഹന സ്തംഭന യാഗങ്ങൾ സർക്കാരിനെതിരെ നടത്തി’- ശിവകുമാർ വിവരം നൽകിയ ആളുടെ പേര് വെളിപ്പെടുത്താതെ വിശദീകരിച്ചു.

കേരളത്തിലെ കണ്ണൂർ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന രാജ രാജേശ്വരി ക്ഷേത്രത്തിലാണ് കർണാടകയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ ദർശനത്തിന് എത്താറുള്ളത്. എന്നാൽ ഈ ക്ഷേത്രം കേന്ദ്രീകരിച്ചാണോ ദുർമന്ത്രവാദ കർമങ്ങൾ നടന്നതെന്ന് ശിവകുമാർ വ്യക്തമാക്കിയിട്ടില്ല. ശിവകുമാർ ആരെയാണ് ഉന്നം വെക്കുന്നതെന്നു വ്യക്തമല്ലെങ്കിലും രാജ രാജേശ്വരി ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായ എതിർചേരിയിലെ നേതാക്കളിലേക്കാണ് ആരോപണത്തിന്റെ കുന്തമുന നീളുന്നത്.

എന്നാൽ കണ്ണൂരിൽ ശിവകുമാർ ആരോപിച്ചത് പോലുളള മൃഗബലി പൂജ നടന്നിട്ടില്ലെന്നാണ് വിവരം. കണ്ണൂരിലാണ് ഇത്തരമൊരു യാഗം നടന്നതെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി പൂജകളില്ല. മറ്റ് വഴിപാടുകളാണ് പ്രധാനം. ശത്രുസംഹാര പൂജയ്ക്ക് പ്രസിദ്ധം മാടായി ക്ഷേത്രമാണ്. നൂറുകണക്കിന് ശത്രുസംഹാര പൂജകൾ ഇവിടെ നടക്കാറുണ്ട്. അമാവാസി ദിവസം കർണാടകത്തിൽ നിന്ന് നിരവധി പേർ ഇവിടെ എത്താറുണ്ട്. കോഴിയിറച്ചി നിവേദ്യമാണ് പ്രധാനം. എന്നാൽ മൃഗബലി ഇവിടെയില്ല. ക്ഷേത്രത്തിൽ ശിവകുമാർ പറഞ്ഞതുപൊലുളള പൂജയും നടന്നിട്ടില്ല. എന്നാൽ ക്ഷേത്രത്തോട് അനുബന്ധിച്ചുളള പൂജാരിമാരിൽ ചിലർ വീടുകളിൽ പ്രത്യേക പൂജ നടത്താറുണ്ട്. അവിടെ ഇത്രയും വിപുലമായ മൃഗബലിയുൾപ്പെടെ നടന്നതായും വിവരമില്ല.

Post a Comment

Previous Post Next Post
Join Our Whats App Group