Join News @ Iritty Whats App Group

ചരിത്രത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെ പ്രതിചേര്‍ക്കുന്നത് ആദ്യം ; കുറ്റപത്രത്തില്‍ ഇ.ഡി. എ.എ.പിയെ പരാമര്‍ശിച്ചിരിക്കുന്നത് 'കമ്പനി'എന്ന്, അംഗീകാരം തുലാസില്‍, കണ്ടുകെട്ടലിന് സാധ്യതന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയകക്ഷിയെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് റോസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ച അധിക കുറ്റപത്രത്തിലാണ് ആം ആദ്മി പാര്‍ട്ടി(എ.എ.പി)യേയും ദേശീയ കണ്‍വീനര്‍ കൂടിയായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇ.ഡി. ഉള്‍പ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ കെജ്‌രിവാള്‍ നിലവില്‍ സുപ്രീം കോടതിയില്‍നിന്ന് ഇടക്കാലജാമ്യം നേടി ജയിലിനു പുറത്താണ്.

കുറ്റപത്രത്തില്‍ എ.എ.പിയെ 'കമ്പനി' എന്നാണ് ഇ.ഡി. പരാമര്‍ശിച്ചിരിക്കുന്നത്. പി.എം.എല്‍.എ. പ്രകാരം 'കമ്പനി' അതായത് എ.എ.പി. ചെയ്ത കുറ്റത്തില്‍ മുഖ്യമന്ത്രിപദവി ദുരുപയോഗം ചെയ്ത കെജ്‌രിവാളാണ് മുഖ്യഗൂഢാലോചകനെന്നു കുറ്റപത്രത്തില്‍ പറയുന്നു. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയുടെ മുഖ്യഗുണഭോക്താവ് എ.എ.പിയാണെന്നും ഇപ്രകാരം ലഭിച്ച 100 കോടി രൂപയില്‍ 45 കോടി ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ഇതിന്റെ ഒരേയൊരു ഉത്തരവാദി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളാണെന്നും ഇ.ഡി. വിശദീകരിച്ചു.

മദ്യനയക്കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് അനേ്വഷിക്കുന്ന ഇ.ഡി. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിക്കുന്ന എട്ടാം കുറ്റപത്രമാണിത്. ആദ്യകുറ്റപത്രത്തില്‍ത്തന്നെ പേര് പരാമര്‍ശിക്കപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കഴിഞ്ഞ മാര്‍ച്ച് 21-നാണ് അറസ്റ്റ് ചെയ്തത്. എ.എ.പിയുടെ മുതിര്‍ന്നനേതാക്കളായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സഞ്ജയ് സിങ് എം.പിയും നേരത്തേ അറസ്റ്റിലായിരുന്നു.

അഴിമതിക്കേസില്‍ രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ ഉള്‍പ്പെടുത്തപ്പെട്ട നടപടി എ.എ.പിയെ സംബന്ധിച്ച് കടുത്ത ആഘാതമാകുമെന്നു വിലയിരുത്തപ്പെടുന്നു. പുതിയ സാഹചര്യത്തില്‍, എ.എ.പിയുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ഇ.ഡിക്ക് ആവശ്യപ്പെടാനാകും. ഡല്‍ഹിയിലെ ആസ്ഥാനമന്ദിരമുള്‍പ്പെടെ പാര്‍ട്ടി സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇ.ഡിക്കു കഴിയും. ഭരണകക്ഷിയെന്ന നിലയില്‍ സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് സാമ്പത്തികനേട്ടമുണ്ടാക്കിയെങ്കില്‍ എ.എ.പിയെ എന്തുകൊണ്ട് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നു കഴിഞ്ഞ ഒക്‌ടോബറില്‍ സുപ്രീം കോടതി ആരാഞ്ഞിരുന്നു.

എന്നാല്‍, ഏതെങ്കിലും രാഷ്ട്രീയകക്ഷിയെ കേസില്‍ കുടുക്കാന്‍ ഉദ്ദേശിച്ചല്ല, നിയമപരമായ ഒരു ചോദ്യം ഉന്നയിക്കുക മാത്രമാണു ചെയ്തതെന്നു തൊട്ടടുത്ത ദിവസം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്.വി. ഭാട്ടിയും ഉള്‍പ്പെട്ട ബെഞ്ച് വിശദീകരിച്ചു.

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതിയാകട്ടെ ഒരുപടി കൂടി കടന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ(പി.എം.എല്‍.എ)ത്തിന്റെ പരിധിയില്‍ രാഷ്ട്രീയകക്ഷികളെയും ഉള്‍പ്പെടുത്താമെന്നു വ്യക്തമാക്കി. ഒരു രാഷ്ട്രീയകക്ഷിയെന്നാല്‍ വ്യക്തികളുടെ കൂട്ടായ്മയെന്നാണു ജനപ്രാതിനിധ്യനിയമത്തിലെ നിര്‍വചനം. പി.എം.എല്‍.എ. 70-ാം വകുപ്പിന്റെ ഒന്നാം വിശദീകരണപ്രകാരം കമ്പനിയുടെ നിര്‍വചനവും ഇതുതന്നെയാണെന്നു ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കെജ്‌രിവാളിന്റെ ചാറ്റ് തെളിവെന്ന് ഇ.ഡി.

അതേസമയം, മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള ആശയവിനിമയം (ചാറ്റ്) ഹവാല ഇടപാടുകാരുടെ ഫോണുകളില്‍ കണ്ടെത്തിയതായി ഇ.ഡി. സുപ്രീം കോടതിയെ അറിയിച്ചു.

സ്വന്തം ഫോണിന്റെ പാസ്‌വേഡ് നല്‍കാന്‍ കെജ്‌രിവാള്‍ വിസമ്മതിച്ചതിനേത്തുടര്‍ന്നാണു ഹവാല ഇടപാടുകാരുടെ ഫോണുകള്‍ പരിശോധിച്ചത്. അറസ്റ്റിന്റെ നിയമസാധുത ചോദ്യംചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഇ.ഡിയുടെ പുതിയ വെളിപ്പെടുത്തല്‍. ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു, കെജ്‌രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി എന്നിവരുടെ വാദം കേട്ടശേഷം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജി വിധി പറയാന്‍ മാറ്റി. സ്ഥിരംജാമ്യത്തിനായി കെജ്‌രിവാളിനു വിചാരണക്കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group