Join News @ Iritty Whats App Group

മോദിയേയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ 100 കോടി വാഗ്ദാനം ചെയ്തു; ​ഗുരുതര ആരോപണവുമായി ദേവരാജ ​ഗൗഡ


കർണാടക: കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജഗൗഡ. ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്‌ഡി കുമാരസ്വാമിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പേരുകൾ അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ തനിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ജി ദേവരാജ ​ഗൗഡ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിന് ശേഷം പൊലീസ് വാഹനത്തിൽ നിന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദേവരാജഗൗഡ. 

തനിക്ക് അഡ്വാൻസായി അഞ്ച് കോടി രൂപ പോലും അയച്ചതായും ദേവരാജെ ഗൗഡ പറഞ്ഞു. താൻ വാഗ്ദാനം നിരസിച്ചതിന് ശേഷം, തനിക്കെതിരെ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താൻ പുറത്തിറങ്ങിയാൽ ഡികെ ശിവകുമാറിനെ തുറന്നുകാട്ടാൻ തയ്യാറാണ്. കർണാടകയിൽ കോൺഗ്രസ് സർക്കാർ തകരാൻ പോകുന്നുവെന്നും ദേവരാജെ ഗൗഡ പറഞ്ഞു.
പ്രജ്വൽ രേവണ്ണയുടെ സെക്‌സ് വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ പ്രചരിപ്പിച്ചത് എച്ച്‌ഡി കുമാരസ്വാമിയാണെന്ന് പ്രസ്താവന നടത്താൻ തന്നോട് പറഞ്ഞുവെന്നും ദേവരാജഗൗഡ കൂട്ടിച്ചേർത്തു. എന്നാൽ പ്രജ്വൽ രേവണ്ണയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കാർത്തിക് ഗൗഡയിൽ നിന്ന് പെൻഡ്രൈവ് വാങ്ങിയത് ഡികെ ശിവകുമാറാണ്.  

മോദിക്കും കുമാരസ്വാമിക്കും ബിജെപിക്കുമെതിരെ അപകീർത്തി വരുത്താൻ അവർ വലിയ രീതിയിൽ പദ്ധതിയിട്ടിരുന്നു. അവർ എനിക്ക് 100 കോടി വാഗ്ദാനം ചെയ്യുകയും ബൗറിംഗ് ക്ലബ്ബിലെ റൂം നമ്പർ 110ലേക്ക് 5 കോടി അഡ്വാൻസ് ആയി അയച്ചു. ചന്നരായപട്ടണത്തെ ഒരു പ്രാദേശിക നേതാവായ ഗോപാലസ്വാമിയെയാണ് ഇടപാട് ചർച്ച ചെയ്യാൻ അയച്ചതെന്നും ദേവരാജെ ഗൗഡ പറഞ്ഞു. ലൈംഗിക അഴിമതിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി മോദിയുടെ പേര് മോശമാക്കാനാണ് ഡികെ ശിവകുമാർ 100 കോടി രൂപ വാഗ്ദാനം ചെയ്തത്. കുമാരസ്വാമിയെ രാഷ്ട്രീയമായി അവസാനിപ്പിക്കുകയാണ് ശിവകുമാറിൻ്റെ പ്രധാന ലക്ഷ്യമെന്നും ദേവരാജെ ഗൗഡ കൂട്ടിച്ചേർത്തു. ഡികെ ശിവകുമാറിൻ്റെ സംഭാഷണങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകൾ തൻ്റെ പക്കലുണ്ട്. താനത് പുറത്തുവിടും. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ കോൺഗ്രസ് സർക്കാർ തകരുമെന്നും ദേവരാജെ ഗൗഡ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group