Join News @ Iritty Whats App Group

യുഎസ്, ഇസ്രയേലിലേക്കുള്ള ആയുധ വിതരണം നിര്‍ത്തിവച്ചെന്ന് പെന്‍റഗണ്‍


ഒടുവില്‍ സുപ്രധാന തീരുമാനവുമായി യുഎസ്; ഇസ്രയേലിനുള്ള ആയുധ വിതരണം നിര്‍ത്തി വാഷിംഗ്ടണ്‍: കഴിഞ്ഞ ഓക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് ഇരച്ചെത്തിയ ഹമാസ് സംഘം നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത് രക്തരൂക്ഷിതമായ ഗാസാ ആക്രമണമായിരുന്നു. ആക്രമണത്തിന്‍റെ ആദ്യ ദിനം മുതല്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച ആദ്യ രാജ്യമായ യുഎസ് ഒടുവില്‍ ഇസ്രയേലിനുള്ള ആയുധ വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. റഫാ നഗരം അക്രമിക്കരുതെന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ആവശ്യത്തോട് പുറം തിരിഞ്ഞ് നിന്ന് ഇസ്രയേലില്‍ യുദ്ധത്തിനിടെ ആദ്യമായി നേരിട്ട തിരിച്ചടിയായി യുഎസ് തീരുമാനം. കഴിഞ്ഞ ദിവസം റഫായിലേക്ക് കരയുദ്ധം വ്യാപിപ്പിക്കുന്നതിനായി ഇസ്രയേലി സൈന്യം കടന്നുകയറിയതിന് പിന്നാലെയാണ് യുഎസിന്‍റെ സുപ്രധാന തീരുമാനം. 

നിലവില്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യമാണ് യുഎസ്. ഇസ്രയേലിനുള്ള ആയുധ വിതരണം താത്കാലികമായി നിര്‍ത്തുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചത് പെന്‍റഗണ്‍ തലവന്‍ ലോയ്ഡ് ഓസ്റ്റിനാണെന്ന് അള്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 900 കിലോഗ്രാം ഭാരമുള്ള 1,800 ബോംബുകളും 226 കിലോഗ്രാം ഭാരമുള്ള 1,700 ബോംബുകളുടെയും കയറ്റുമതിയാണ് നിര്‍ത്തി വച്ചിരിക്കുന്നത്. കഴിഞ്ഞ എട്ട് മാസമായി കര - ആകാശ യുദ്ധത്തില്‍ ഗാസയെ തരിപ്പണമാക്കിക്കഴിഞ്ഞിരുന്നു ഇസ്രയേല്‍.

യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 14 ലക്ഷം പാലസ്തീന്‍കാര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് റഫാ. അതേസമയം യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ യുഎസ് ക്യാമ്പസുകളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്രയേല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോപങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ വിജയ സാധ്യത കുറയ്ക്കുമെന്ന ചില നിരീക്ഷണങ്ങളും പുറത്ത് വന്നിരുന്നു. ഇതിനി പിന്നാലെയാണ് യുഎസ് ഇസ്രയേലിലേക്കുള്ള ആയുധ വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഈജിപ്തില്‍ നിന്ന് ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ കൊണ്ട് പോയിരുന്ന പാതയായ റഫാ ഇടനാഴി നിലവില്‍ ഇസ്രയേലി സൈന്യത്തിന്‍റെ കൈയിലാണ്. ഇതോടെ ഗാസയിലേക്കുള്ള എല്ലാ പാതകളും ഇസ്രയേല്‍ അടച്ച് കഴിഞ്ഞു. ചെവ്വാഴ്ച മുതല്‍ റഫായിലേക്ക് ഇസ്രയേലി സൈന്യം കരമാര്‍ഗം പ്രവേശിച്ച് കഴിഞ്ഞു. ഒപ്പം വ്യോമയുദ്ധവും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെയുള്ള യുദ്ധത്തില്‍ ഗാസയില്‍ മാത്രം 35,000 ത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. അതേസമയം അന്താരാഷ്ട്ര നിരീക്ഷണ സംഘത്തെയോ മെഡിക്കല്‍ സംഘത്തെയോ ഇസ്രയേല്‍ ഗാസയിലേക്ക് കടത്തിവിടുന്നില്ല. ഇതിനിടെയിലും ഇസ്രയേലും ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളും നടക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group