Join News @ Iritty Whats App Group

6 വയസുകാരന് അമിതവണ്ണമെന്ന് പിതാവ്, ട്രെഡ് മില്ലിൽ ഓടാൻ മർദ്ദനം, കുഞ്ഞിന് ദാരുണാന്ത്യം


ന്യൂജേഴ്സി: അമിത വണ്ണമെന്ന് ആരോപിച്ച് 6 വയസ് പ്രായമുള്ള മകനെ ട്രെഡ് മില്ലിൽ ഓടാൻ നിർബന്ധിച്ച് പിതാവ്. ദിവസങ്ങൾക്ക് പിന്നാലെ കുഞ്ഞിന് ദാരുണാന്ത്യം. കേസ് അന്വേഷണത്തിൽ നിർണായകമായി ജിമ്മിലെ സിസിടിവി ദൃശ്യങ്ങൾ. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. തുടർച്ചയായ മർദ്ദനങ്ങളുടെ പിന്നാലെ 2021ലാണ് ആറ് വയസുകാരൻ മരണത്തിന് കീഴടങ്ങിയത്. കേസ് അന്വേഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ വിചാരണയ്ക്കിടെ ചൊവ്വാഴ്ചയാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. ക്രിസ്റ്റഫർ ഗ്രിഗോർ എന്ന 31കാരനെയാണ് മകനായ ആറ് വയസുകാരൻ കോറി മിസിയോലോയുടെ മരണത്തിൽ അറസ്റ്റ് ചെയ്തത്. 

കൊലപാതക്കുറ്റം അടക്കം ചുമത്തിയാണ് ക്രിസ്റ്റഫർ ഗ്രിഗ്രോറിനെ അറസ്റ്റ് ചെയ്തത്. 2021 മാർച്ച് 20നുള്ള സിസിടിവി ദൃശ്യങ്ങളാണ് കോടതിയിൽ കാണിച്ചത്. അച്ഛനൊപ്പം ജിമ്മിലെത്തിയ കുട്ടി ട്രെഡ് മില്ലിൽ ഓടുന്നതും പിതാവ് വേഗത വർധിപ്പിക്കുന്നതിന് പിന്നാലെ ബാലൻസ് തെറ്റി വീഴുന്നതും മകന്റെ തലയിലും കഴുത്തിലും കടിച്ച ശേഷം വീണ്ടും ഓടാൻ 31കാരൻ പ്രേരിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിരവധി തവണ ട്രെഡ് മില്ലിൽ നിന്ന് വീണിട്ടും വേഗത കുറയ്ക്കാനോ ട്രെഡ് മിൽ നിർത്താനോ ഇയാൾ തയ്യാറാകുന്നില്ലെന്നതും വീഡിയോയിൽ വ്യക്തമാണ്. കുട്ടിക്കുണ്ടായ പരിക്കുകൾ അമ്മ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇവിടെ വച്ചാണ് തനിക്ക് അമിത വണ്ണമായതിനാൽ ട്രെഡ് മില്ലിൽ ഓടാൻ പിതാവ് നിർബന്ധിച്ചിരുന്നതായി ആറ് വയസുകാരൻ വിശദമാക്കിയത്. 

തൊട്ടടുത്ത ദിവസമാണ് പിതാവ് മകന് ശ്വാസതടസം നേരിടുന്നതായും സംസാരിക്കുന്നില്ലെന്നും വിശദമാക്കി ക്രിസ്റ്റഫർ ഗ്രിഗോർ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സിടി സ്കാൻ അടക്കമുള്ളവയെടുത്ത് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ അടിയേറ്റുള്ള പരിക്കുകളാണ് ആറ് വയസുകാരന്റെ മരണകാരണമെന്ന് വ്യക്തമായിരുന്നു. ഹൃദയവും കരളും വരെ തകരാറിലായ നിലയിലായിരുന്നു 6 വയസുകാരൻ. 

2021 ജൂലൈ മാസത്തിലാണ് കുഞ്ഞിനെ അവഗണിച്ചതടക്കമുള്ള കുറ്റങ്ങൾക്ക് ക്രിസ്റ്റഫർ അറസ്റ്റിലായത്. ഈ കേസിലെ അന്വേഷണത്തിനിടയിലാണ് ആശുപത്രിയിലെത്തുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപുള്ള ജിമ്മിലെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ആറ് വയസുകാരനെ ട്രെഡ് മില്ലിൽ ഓടിച്ചതിനും ട്രെഡ് മിൽ നിർത്താതിരുന്നതിനും വേഗത വർധിപ്പിച്ചതിനും കൊലപാതക കുറ്റം അടക്കമുള്ള കുറ്റങ്ങൾ പിന്നാലെ 31കാരനെതിരെ ചുമത്തുകയായിരുന്നു. 2021 സെപ്തംബറിലാണ് 6 വയസുകാരന്റെ മരണം കൊലപാതകമാണെന്ന് കോടതി വ്യക്തമാക്കിയത്. ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആറ് വയസുകാരൻ പിതാവിൽ നിന്ന് നിരന്തരമായി മർദ്ദനത്തിന് ഇരയായെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് 31 കാരനെതിരെ ചുമത്തിയിട്ടുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group