Join News @ Iritty Whats App Group

36 മണിക്കൂറിൽ കാലവർഷമെത്തും, ആദ്യമെത്തുക തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും നിക്കോബർ ദ്വീപിലും, കേരളത്തിൽ 31ന്


തിരുവനന്തപുരം: കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യത. തുടർന്ന് മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യൂനമർദ്ദപാത്തി മറാത്തുവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാത ചുഴിയിലേക്ക് നീണ്ടുനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 6 - 7 ദിവസം ഇടിമിന്നലോടെയും കാറ്റോടും ( 49-50 കി മീ / മണിക്കൂർ) കൂടിയ മിതമായ, ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 19, 20, 21 തിയ്യതികളിൽ അതി തീവ്രമായ മഴയ്ക്കും മെയ്‌ 19 മുതൽ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ, അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group