Join News @ Iritty Whats App Group

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് പ്രതിയെ കാഞ്ഞങ്ങാട് എത്തിച്ചു, ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്


കാസര്‍കോട്: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ആന്ധ്രപ്രദേശിൽ നിന്ന് പിടിയിലായ പ്രതിയെ കാഞ്ഞങ്ങാട് എത്തിച്ചു. കുടക് സ്വദേശിയായ 35 വയസുകാരനെ കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലേക്കാണ് എത്തിച്ചത്. മറ്റൊരാളുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ചതോടെയാണ് ഇയാൾ ആന്ധ്രയിൽ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് മനസിലായതും പിടികൂടിയതും. ഈ മാസം 15 ന് പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി ഇയാൾ പീഡിപ്പിച്ചത്. വിശദമായ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിൽ അധികമായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കുടകിൽ എത്തുമ്പോൾ മാതാവിന്‍റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമാകുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്.

കുടക് , മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്സോ കേസിലും ഇയാൾ പ്രതിയാണ്. ഇതില്‍ മൂന്ന് മാസം റിമാന്‍റിലായിരുന്നു. അധികം സുഹൃത്തുക്കൾ ഇല്ലാത്ത യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നേരത്തെ ജയിലിൽ ഇയാളോടൊപ്പം കഴിഞ്ഞവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാൾ ഫോണിൽ വിളിച്ചത്. ഇതോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group