Join News @ Iritty Whats App Group

ഉത്തരക്കടലാസിൽ ജയ് ​ശ്രീറാം എഴുതിയ ഫാർമസി വിദ്യാർത്ഥികളെ ജയിപ്പിച്ചു; യുപിയിൽ പ്രൊഫസർമാർക്ക് സസ്‍പെൻഷൻ


ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരുകളും ഉൾപ്പെടെ അപ്രസ്കതമായ കാര്യങ്ങൾ പരീക്ഷ ഉത്തരക്കടലാസിൽ എഴുതിയ ഫാർമസി വിദ്യാർഥികളെ ജയിപ്പിച്ച സംഭവത്തിൽ രണ്ട് പ്രൊഫസർമാർക്ക് സസ്‍പെൻഷൻ. ഉത്തർപ്രദേശിലെ ജാവുൻപൂരിലാണ് സംഭവം. 18 ഫാർമസി വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പുനഃപരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്.

ജയ് ശ്രീറാമിനൊപ്പം ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പേരുകളുമാണ് വിദ്യാർഥികൾ ഉത്തരപേപ്പറിൽ എഴുതിയത്. വീർ ബഹാദൂർ സിങ് പൂർവാഞ്ചൽ യൂനിവേഴ്സിറ്റിയിലെ ദിവ്യാൻഷു സിങ് എന്ന മുൻ വിദ്യാർഥി 18 ഫാർമസി വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പുനഃപരിശോധന നടത്തണമെന്ന് വിവരാവകാശ അപേക്ഷയിലൂടെ ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥികളുടെ റോൾ നമ്പർ അടക്കം നൽകിയായിരുന്നു ആവശ്യം ഉന്നയിച്ചത്.

ദിവ്യാൻഷു സമർപ്പിച്ച തെളിവുകൾ പരീക്ഷയിലെ ക്രമക്കേടുകൾ പുറത്ത് കൊണ്ട് വരുന്നതായിരുന്നു. ജയ് ശ്രീറാം എന്നും ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരുടേയും പേരുകൾ ഉത്തരക്കടലാസിൽ എഴുതിവെച്ചവർക്ക് 50 ശതമാനത്തിലേറെ മാർക്ക് നൽകി വിജയിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് പ്രൊഫസർമാരായ വിനയ് വർമ്മ, ആശിഷ് ഗുപ്ത എന്നിവർ കൈക്കൂലി വാങ്ങി വിദ്യാർഥികളെ ജയിപ്പിച്ചുവെന്ന പരാതി ഗവർണർക്ക് നൽകുകയായിരുന്നു. സത്യവാങ്മൂലം സഹിതമാണ് ഗവർണർക്ക് പരാതി നൽകിയത്.

പിന്നാലെ യൂണിവേഴ്സിറ്റി ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ 2023 ഡിസംബർ 21ന് ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പരിശോധിച്ചതിൽ ക്രമക്കേട് കണ്ടെത്തുകയും രണ്ട് പ്രൊഫസർമാർക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group