Join News @ Iritty Whats App Group

കരിപ്പൂരിൽ വിമാനം വൈകിയതിനെച്ചൊല്ലി യാത്രക്കാരുടെ പ്രതിഷേധം; രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു


കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം വൈകിയതിനെ തുട‍ർന്ന് പ്രതിഷേധിച്ച രണ്ട് വനിതാ യാത്രക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുത്ത് കരിപ്പൂർ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാവിലെ 8.10ന് കോഴിക്കോട് നിന്ന് ബംഗളുരുവിലേക്കുള്ള ഇന്റിഗോ വിമാനത്തിൽ പോകാനെത്തിയ കണ്ണൂർ സ്വദേശിനിയും കോഴിക്കോട് സ്വദേശിനിയുമാണ് പ്രതിഷേധിച്ചത്. വിമാനത്തിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് യാത്ര വൈകുമെന്നും അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് യാത്രക്കാർ കാത്തിരിക്കുന്നതിനിടെ കോഴിക്കോടു നിന്ന് ബംഗളുരുവിലേക്കുള്ള ഇന്റിഗോയുടെ തന്നെ 10.40നുള്ള അടുത്ത വിമാനം പുറപ്പെടാൻ തയ്യാറായി.

തങ്ങൾക്ക് അത്യാവശ്യമായി ബംഗളുരുവിൽ എത്തണമെന്നും ഈ വിമാനത്തിൽ യാത്ര ചെയ്യാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് വനിതാ യാത്രക്കാർ പ്രതിഷേധിച്ചു. എന്നാൽ ഈ വിമാനത്തിൽ സീറ്റുകൾ ഒഴിവുണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വാദം. ഇതേച്ചൊല്ലി ഈ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

യാത്രക്കാരെ സമാധാനിപ്പിക്കാൻ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ‍ർ ശ്രമിച്ചപ്പോൾ ഇവർ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിന്റെ ജോലി തടസപ്പെടുത്തിയെന്നാണാ ആരോപണം. തുടർന്ന് ഇവരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് കരിപ്പൂർ പൊലീസിന് കൈമാറുകയായിരുന്നു. യാത്ര മുടങ്ങിയ വിമാനത്തിലെ യാത്രക്കാരെ ഉച്ചയ്ക്ക് ശേഷമാണ് പിന്നീട് ബംഗളുരുവിലേക്ക് കൊണ്ടുപോയത്.

Post a Comment

Previous Post Next Post
Join Our Whats App Group