Join News @ Iritty Whats App Group

വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും; രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു

വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ രേണു രാജിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

മേപ്പാടി മുപൈനാവില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയാണ് കല്പറ്റയിലേക്ക് എത്തിയത്. രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാഹുല്‍ പത്രിക നല്‍കിയത്. മൂന്ന് സെറ്റ് പത്രികള്‍ സമര്‍പ്പിച്ചു. പ്രാഥമിക പരിശോധനയ്ക്കു ശേഷം രസീത് കൈപ്പറ്റി രാഹുല്‍ ഗാന്ധിക്ക് കലക്ടറേറ്റില്‍ നിന്ന് മടങ്ങാനാകും. സഹോദരി പ്രിയങ്ക ഗാന്ധിയും യു.ഡി.എഫിലെ പ്രമുഖ നേതാക്കളും പത്രിക സമര്‍പ്പണത്തിന് എത്തിയിരുന്നു.

വയനാട്ടില്‍ വീണ്ടും എത്താനായതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഗാന്ധി റോഡ് ഷോയ്ക്കിടെ പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം ഇനിയുമുണ്ടാകും. വയനാട്ടിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമുണ്ടാകും. പ്രളയകാലത്ത് വയനാടിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഇവിടുത്തെ യുഡിഎഫ് പ്രവര്‍ത്തകരുടെ പിന്തുണ അതിനു തനിക്കുണ്ടായിരുന്നു. സഹോദരി പ്രിയങ്ക ഇവിടെയുണ്ട്. വയനാട്ടിലെ എല്ലാ കുടുംബങ്ങളും തങ്ങളെ സ്വീകരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group