Join News @ Iritty Whats App Group

വാക്‌സിന്‍ മൂലം ചില വ്യക്തികളില്‍ രക്തം കട്ടപിടിക്കാന്‍ സാധ്യതയുണ്ട് ; കോവിഷീല്‍ഡ് വാക്‌സിനു പാര്‍ശ്വഫലങ്ങളുണ്ടായിരുന്നെന്ന് തുറന്നു സമ്മതിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അസ്ട്രാസെനക്ക


ലണ്ടന്‍: കോവിഡ് പ്രതിരോധത്തിനു വ്യാപകമായി വിതരണംചെയ്ത കോവിഷീല്‍ഡ് വാക്‌സിനു പാര്‍ശ്വഫലങ്ങളുണ്ടായിരുന്നെന്നു തുറന്നു സമ്മതിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക്ക. ഇതാദ്യമായാണു അസ്ട്രാസെനക്ക പിഴവ് സമ്മതിക്കുന്നത്.

ഇതോടെ വിവിധ രാജ്യങ്ങളില്‍ അസ്ട്രാസെനക്കയ്‌ക്കെതിരായ കേസുകളില്‍ പോരാട്ടം കനക്കും. 210 കോടി രൂപവരെ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടുള്ള കേസുകളാണ് അസ്ട്രാസെനക്കയ്‌ക്കെതിരേ ബ്രിട്ടനിലെ കോടതികളിലുള്ളത്. കേംബ്രിഡ്ജ് ആസ്ഥാനമായുള്ള കമ്പനിയാണ് അസ്ട്രാസെനക്ക. ഓക്‌സ്‌ഫെഡ് സര്‍വകലാശാലയുടെ സഹായത്തോടെയാണു വാക്‌സിന്‍ വികസിപ്പിച്ചത്.

കോവിഡിനെതിരേ ആദ്യം വാക്‌സിന്‍ തയാറാക്കിയ കമ്പനികളിലൊന്നുകൂടിയാണ് അവര്‍. തങ്ങളുടെ വാക്‌സിന്‍ മൂലം അപൂര്‍വം ചില വ്യക്തികളില്‍ രക്തം കട്ടപിടിക്കാന്‍ സാധ്യതയുണ്ടെന്നാണു കുറ്റസമ്മതം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഉയര്‍ന്നുവന്ന പരാതികളെ പരോക്ഷമായി ശരിവയ്ക്കുകയാണു കമ്പനി. വാക്‌സിന്‍ മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളില്‍ അസ്ട്രസെനക്ക ഖേദം അറിയിച്ചു.

'രോഗികളുടെ സുരക്ഷയാണു ഏറ്റവും പ്രധാനം. വാക്‌സിനുകള്‍ ഉള്‍പ്പെടെ എല്ലാ മരുന്നുകളുടെയും സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാന്‍ അധികാരികള്‍ക്ക കര്‍ശനമായ മാനദണ്ഡങ്ങളുണ്ട്. ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ വാക്‌സിന്‍ സുരക്ഷിതമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്'.- കമ്പനി വ്യക്തമാക്കി. ബ്രിട്ടനില്‍ മാത്രം അഞ്ച് കോടി ഡോസ് അസ്ട്രാസെനക്ക വാക്‌സിനാണു വിതരണം ചെയ്തത്.

വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് കുറഞ്ഞത് 81 ബ്രിട്ടീഷുകാര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിരവധിപ്പേര്‍ രോഗികളായി. കോവിഡ് വാക്‌സിനെ തുടര്‍ന്നുള്ള അപകട സാധ്യത 50,000 ല്‍ ഒന്നാണെന്നാണു കണക്ക്.

ബ്രിട്ടനില്‍ വാക്‌സിന്‍ ഏറെക്കുറെ പിന്‍വലിച്ച നിലയിലാണ്. എങ്കിലും, കോവിഡ് മഹാമാരിയുടെ സമയത്ത് ആഗോളതലത്തില്‍ 60 ലക്ഷം ജീവന്‍ രക്ഷിച്ചതിന്റെ ബഹുമതി അസ്ട്രാസെനക്കയുടെ വാക്‌സിനാണെന്നാണു ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

Post a Comment

أحدث أقدم
Join Our Whats App Group