Join News @ Iritty Whats App Group

വേനല്‍ മഴ: സംസ്ഥാനത്ത് ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ക്ക് സാധ്യത, ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി


തിരുവനന്തപുരം: വേനല്‍ മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.
ധാരാളം പാനീയങ്ങള്‍ കുടിക്കുക, ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകര്‍ച്ചപ്പനി ആകാമെന്നതിനാല്‍ സ്വയം ചികിത്സിക്കരുത്.

Post a Comment

Previous Post Next Post
Join Our Whats App Group