Join News @ Iritty Whats App Group

'സാമൂഹ്യമാധ്യമ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തണം'; വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടിയെന്ന് കൊല്ലം കലക്ടർ


കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന എ.ആര്‍.ഒമാരുടെ യോഗത്തില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ അറിയിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

സാമൂഹ്യമാധ്യമ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തണം. തിരഞ്ഞെടുപ്പിന് മുമ്പുള്ള 48 മണിക്കൂര്‍ നേരം നിതാന്ത ജാഗ്രതയാണ് പാലിക്കേണ്ടത്. ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നമാത്രയില്‍ തുടര്‍നടപടികളും സ്വീകരിക്കണം. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെയും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

വോട്ടര്‍ സ്ലിപ് വിതരണം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കണം. മൂന്നാംഘട്ട റാന്‍ഡമൈസേഷനുള്ള തയ്യാറെടുപ്പും പൂര്‍ണമാക്കണം. പ്രശ്നബാധിതമെന്ന് കണ്ടെത്തിയ ബൂത്തുകളില്‍ സുരക്ഷാക്രമീകരണം ശക്തമാക്കിയിട്ടുണ്ട്. പണമിടപാടുകളുടെ സൂക്ഷ്മവിലയിരുത്തലും നടത്തുന്നുണ്ട്. ജനങ്ങളും ഇത്തരം ഇടപാടുകളില്‍ ജാഗ്രത പാലിക്കണം. ഇക്കാര്യത്തിലും എആര്‍ഒമാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം. വാഹന-സ്റ്റാറ്റിക് ടീമുകളുടെ പരിശോധനയും യഥാവിധി നടത്തിവരികയാണ്. വോട്ടിംഗ് മെഷീനുകളെല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിലെ ഉപയോഗത്തിന് അധിക മെഷീനുകള്‍ ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുമുണ്ട്. വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിന് എ.ആര്‍.ഒമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group