Join News @ Iritty Whats App Group

ഒടുവില്‍ നീതി, സൗമ്യയ്ക്ക് ജോലി; പിഎസ്‍സി 1ാം റാങ്കുകാരിയുടെ നിയമനം ശുപാര്‍ശയുടെ കാലാവധി തീരാൻ ഒരു ദിവസം ശേഷിക്കെ




കണ്ണൂർ: ചെറുവാഞ്ചേരിയിലെ സൗമ്യ നാണുവിന് നിയമന ശുപാർശയുടെ കാലാവധി അവസാനിക്കാൻ ഒരു ദിവസം ബാക്കിനില്‍ക്കേ പട്ടികജാതി വികസന ഓഫീസില്‍ നിന്നും നിയമന ഉത്തരവ് കിട്ടി.

നിയമന ശുപാർശ കിട്ടി രണ്ടര മാസമായിട്ടും പിഎസ്‌സി ഒന്നാം റാങ്കുകാരിയായ സൗമ്യയ്ക്ക് നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും രാവിലെ മുതല്‍ വൈകിട്ടു വരെ സൗമ്യ കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിന് മുന്നിലെത്തി കാത്തിരിപ്പായിരുന്നു.

കണ്ണൂര്‍ പെരിങ്ങോമിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആയ തസ്തികയിലാണ് സൗമ്യയ്ക്ക് നിയമന ശുപാർശ നല്‍കിയിരുന്നത്. എന്നാല്‍ ഈ ജോലി നല്‍കാന്‍ തസ്തികയില്ലെന്നായിരുന്നു പട്ടികജാതി വികസന വകുപ്പിന്‍റെ പ്രതികരണം. റിപ്പോര്‍ട്ട് ചെയ്ത ഒഴിവ് ഇല്ലാതായത്, പിഎസ്‌സിയെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചയാണ് സൗമ്യക്ക് വിനയായത്. ഒരാഴ്ചയായി സൗമ്യ എല്ലാ ദിവസവും കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ വാതില്‍ക്കല്‍ വന്നിരിക്കുമായിരുന്നു.

2023 മെയില്‍ വിവിധ തസ്തികകളിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയണ് സൗമ്യ. 2024 ജനുവരി നാലിന് നിയമന ശുപാര്‍ശ കയ്യില്‍ കിട്ടി. പരീക്ഷ കഴിഞ്ഞ് പട്ടിക വന്ന് ശുപാര്‍ശയും വന്ന് കഴിഞ്ഞപ്പോള്‍ ജില്ലാ പട്ടിക ജാതി വികസന വകുപ്പ് ഒഴിവില്ലെന്ന് കൈമലർത്തുകയായിരുന്നു. റാങ്ക് ലിസ്റ്റില്‍ താഴെയുള്ളവർക്ക് ജോലി കിട്ടിയപ്പോഴും സൌമ്യയുടെ കാത്തിരിപ്പ് നീണ്ടു.

കുട്ടികള്‍ ഇല്ലാത്തതിനാല്‍ കണ്ണൂര്‍ പെരിങ്ങോമിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പട്ടിക വര്‍ഗ വികസന വകുപ്പിന് 2023 സെപ്തംബറില്‍ കൈമാറിയിരുന്നു. എന്നാല്‍ ഇത് പിഎസ്‌സിയെ അറിയിച്ചില്ല. ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവ് റദ്ദാക്കാന്‍ പാടില്ലെന്നാണ് ചട്ടമെന്ന് പിഎസ്‌സി നിലപാടെടുത്തു. ഇതോടെയാണ് ഏപ്രില്‍ നാലിന് നിയമന ശുപാര്‍ശ കാലാവധി തീരാനിരിക്കെ സൌമ്യയ്ക്ക് പട്ടികജാതി ജില്ലാ ഓഫീസില്‍ ആയ തസ്തികയില്‍ ജോലി ലഭിച്ചത്.

 

Post a Comment

Previous Post Next Post
Join Our Whats App Group