Join News @ Iritty Whats App Group

വന്യമൃഗാക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചവരെ "ദേശീയ ദുരന്തമായി' പ്രഖ്യാപിക്കേണ്ടി വരും: മാര്‍ ജോസഫ് പാംപ്ലാനി


ഇരിട്ടി: വന്യമൃഗാക്രമണം തടയാൻ ഒരു നടപടികളും കൈക്കൊള്ളാതെ വന്യമൃഗാക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചവരെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടി വരുമെന്ന് തലശേരി അതിരൂപത ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി.

വന്യമൃഗശല്യത്തില്‍ പ്രതിഷേധിച്ചും ഡല്‍ഹി കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാഷ്‌ട്രീയ കിസാൻ മഹാസംഘ് ഇരിട്ടിയില്‍ ആരംഭിച്ച 50 മണിക്കൂർ കർഷക ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്‌ബിഷപ് . വന്യമൃഗാക്രമണം സംബന്ധിച്ച്‌ ശീതികരിച്ച മുറികളില്‍ ഇരുന്നു പത്രസമ്മേളനം നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല. 

30 ലക്ഷം വരുന്ന ഇവിടത്തെ മലയോര കർഷക സമൂഹം വന്യമൃഗങ്ങളാല്‍ ഏതു സമയവും ജീവൻ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജീവിക്കുന്നത്. വന്യമൃഗാക്രമണം സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ച വനം മന്ത്രിയടക്കമുള്ളവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. വനാതിർത്തിയില്‍ വനപാലകരെയും റിസർവ് പോലീസിനെയും സൈനികരുമടക്കമുള്ള ദുരന്തനിവാരണ സേനയെ തോക്കുമായി വിന്യസിച്ച്‌ കാട്ടില്‍നിന്ന് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് എത്താതെ പ്രതിരോധിക്കുകയാണെങ്കില്‍ വിശ്വസിക്കാം. തങ്ങള്‍ക്ക് ഇഷ്‌ടമല്ലാത്ത പ്രജകളെ വിശന്നു വലഞ്ഞ വന്യമൃഗങ്ങള്‍ക്കു മുന്നിലേക്കിട്ടു നല്‍കി ആനന്ദിച്ച ക്രൂരനായ റോമ ചക്രവർത്തി നീറോമാർക്കു തുല്യരായി ഭരണാധികാരികള്‍ മാറരുത്.

മനുഷ്യന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഭരണഘടന തൊട്ടു പ്രതിജ്‌ഞയെടുത്ത് അധികാരത്തിലെത്തിയവർ ഭരണഘടന അനുശാസിക്കുന്ന ജീവിത സാഹചര്യം ഒരുക്കാൻ ബാധ്യസ്ഥരാണ്. ഭരണഘടനയെ അല്ലാതെ മറ്റൊന്നിനെയും അനുസരിക്കാൻ കർഷകർ ബാധ്യസ്‌ഥർ അല്ല. അതിനാല്‍ കൃഷിഭൂമിയില്‍ എത്തുന്ന ഏതു വന്യമൃഗത്തെയും നിർമാർജനം ചെയ്യണം.

സർക്കാർ ഇതു ചെയ്‌തില്ലെങ്കില്‍ കർഷകർ ഇതു ചെയ്യും. കർഷകർക്ക് പ്രത്യേകിച്ചു ഒരു രാഷ്‌ട്രീയവുമില്ലെങ്കിലും തങ്ങളെ വന്യമൃഗങ്ങള്‍ക്കു മുന്നിലേക്കിട്ടു കൊടുക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തുടരുന്നതെങ്കില്‍ വോട്ടിലൂടെ കർഷകർ ഇക്കാര്യത്തിലുള്ള പ്രതികരണം നടത്തും. വനംമന്ത്രി നിയമസഭയില്‍ അറിയിച്ചതനുരിച്ച്‌ ഡിസംബർ 31 വരെ 905 പേരാണു വന്യമൃഗങ്ങളാല്‍ കൊല്ലപ്പെട്ടത് ഇത് ഭരിക്കുന്നവരുടെ വീഴ്‌ചയാണെന്നും ആർച്ച്‌ ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്‌ഥാന ചെയർമാൻ ബിനോയി തോമസ് അധ്യക്ഷത വഹിച്ച. 50 മണിക്കൂറും ഉപവസിക്കുന്ന ബിനോയി തോമസിനെയും കർഷകവേദി ചെയർമാൻ റോജസ് സെബാസ്‌റ്റ്യനെയും ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി ഷാള്‍ അണിയിച്ചു. ഗൂഡല്ലൂർ നാടക സംവിധായകൻ ജോസ് മുതുകുന്നേലിനെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ആദരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു‌.

വി ഫാം ഫൗണ്ടേഷൻ ചെയർമാൻ ജോയി കണ്ണംചിറ, രാഷ്‌ട്രീയ കിസാൻ മഹാസംഘ് ജനറല്‍ കണ്‍വീനർ ജോസുകുട്ടി ഒഴുകയില്‍, എൻഎഫ്‌ആർപിഎസ് ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളില്‍, ഇൻഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍ ,അതിജീവന പോരാട്ട വേദി ചെയർമാൻ റസാഖ് ചുരവേലില്‍, ഇരിട്ടി സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ജോസ് ആവാനൂർ, ഇ.പി. ഫിലിപ്പ് കുട്ടി, ജോർജ് സിറിയക്, സിറാജ് കൊടുവായൂർ, കുര്യാക്കോസ് പുതിയേടത്ത്പറമ്ബില്‍, ബെന്നി പുതിയാംപുറം, പി.ജെ. ജോണ്‍, ഷാജി തുണ്ടത്തില്‍, ജില്‍സ് മേക്കല്‍, സുരേഷ് കാഞ്ഞിരത്തിങ്കല്‍, തോമസ് വർഗീസ്, ജോസഫ് വടക്കേക്കര, അയൂബ് പൊയിലൻ, ബാബു മാനന്തവാടി, പീറ്റർ പുത്തൻപറമ്ബില്‍, സാജു തെക്കേക്കര, സണ്ണി തുണ്ടത്തില്‍ എന്നിവർ പ്രസംഗിച്ചു. വനിതാ സമ്മേളനവും നടന്നു.

Post a Comment

Previous Post Next Post
Join Our Whats App Group