Join News @ Iritty Whats App Group

പുല്‍പ്പള്ളി സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റിൽ




സുല്‍ത്താന്‍ ബത്തേരി: വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് (56) അറസ്റ്റില്‍. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് ബത്തേരി പൊലീസ് സോബിയെ പിടികൂടിയത്. വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞു. 

സ്വിറ്റ്സര്‍ലാന്റ് അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. പുല്‍പ്പള്ളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബത്തേരി പൊലീസിന്റെ നടപടി. ''പുല്‍പ്പള്ളി സ്വദേശിനിക്ക് സ്വിറ്റസര്‍ലാന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് മൂന്ന് വര്‍ഷം മുമ്പ് സോബി തട്ടിയെടുത്തത്. സമാനരീതിയില്‍ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ നാലും അമ്പലവയല്‍ സ്റ്റേഷനില്‍ ഒരു കേസുമടക്കം ജില്ലയില്‍ ആറ് കേസാണ് സോബിക്കെതിരെയുള്ളത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാന പരാതിയില്‍ ഇരുപത് കേസുകളും ഇയാളുടെ പേരിലുണ്ട്. നിരവധി ചേക്ക് കേസുകളിലും സോബി പ്രതിയാണ്. വയനാട്ടില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ ഇയാള്‍ തട്ടിയതായാണ് നിഗമനം.'' ഇയാള്‍ സഞ്ചരിച്ചിരുന്ന ബെന്‍സ് കാറും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. എസ്.ഐ കെ.വി. ശശികുമാര്‍, സീനിയര്‍ സി.പി.ഒ കെ.എസ് അരുണ്‍ജിത്ത്, സി.പി.ഒമാരായ വി.ആര്‍ അനിത്, എം. മിഥിന്‍, പി.കെ. സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സോബിയെ പിടികൂടിയത്. 

അതേസമയം, ബാലഭാസ്‌കര്‍ കേസുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും കഴിഞ്ഞദിവസം സിബിഐക്ക് മൊഴി നല്‍കിയതിന്റെ പരിണിതഫലമാണ് നിലവിലെ കേസുകളെന്നും സോബി പ്രതികരിച്ചു. കോടതിയിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് സോബി ഇക്കാര്യം പറഞ്ഞത്.

Post a Comment

Previous Post Next Post
Join Our Whats App Group