Join News @ Iritty Whats App Group

മുക്താര്‍ അന്‍സാരി അന്തരിച്ചു; ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്; വിഷം നല്‍കിയതെന്ന് സഹോദരന്‍, യു.പിയില്‍ നിരോധനാജ്ഞ

ലക്‌നൗ: ഉത്തര്‍പ്രദേശിനെ വിറപ്പിച്ച ഗുണ്ടാസംഘത്തലവനും രാഷ്ട്രീയ നേതാവുമായ മുക്താര്‍ അന്‍സാരിക്ക് ഒടുവില്‍ ജയിലില്‍ അന്ത്യം. വ്യാഴാഴ്ച രാത്രി 8.30 ഓടെ ജയിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ 60കാരനായ അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൗ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയ മുക്താര്‍ അന്‍സാരി 2005 മുതല്‍ യു.പി, പഞ്ചാബ് ജയിലുകളില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. യു.പിയിലെ ബാന്ദ ജയിലില്‍ വച്ച് രാത്രി ശര്‍ദ്ദിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയില്‍ ആകുകയുമായിരുന്നു. ജയില്‍ അധികൃതര്‍ ഉടന്‍ തന്നെ ദുര്‍ഗാവതി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഒമ്പത് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കിണഞ്ഞുപരിശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ പരിസരത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. ബാന്ദ, മൗ, ഗാസിപുര്‍, വാരണാസി ജില്ലകളിലാണ് സുരക്ഷ ഏറ്റവും ശക്തമാക്കിയിരിക്കുന്നത്. അധികമായി പോലീസുകാരരെ വിന്യസിച്ചതിനു പുറമേ സിആര്‍പിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 14 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം ജയിലിലേക്ക് മടക്കി കൊണ്ടുവന്നിരുന്നു. അന്‍സാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരനും ഗാസിപുര്‍ എം.പിയുമായ അഫ്‌സല്‍ അന്‍സാരി രംഗത്തെത്തി. മുക്താര്‍ അന്‍സാരിക്ക് ജയിലില്‍ വിഷകരമായ പദാര്‍ത്ഥം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ജയില്‍ ഭക്ഷണം വിഷം കലര്‍ത്തി നല്‍കിയെന്ന് മുക്താര്‍ തന്നോട് പറഞ്ഞു. ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നത്. 40 ദിവസം മുന്‍പും വിഷം നല്‍കിയിരുന്നു. മാര്‍ച്ച് 19നും 22നും വിഷം നല്‍കി. അതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. അഫ്‌സല്‍ അന്‍സാരി പറഞ്ഞു.

മൗ സ്വദേശിയായ അന്‍സാരിക്കെതിരെ 61 ക്രിമിനല്‍ കേസുകളാണുള്ളത്. അതില്‍ 15 എണ്ണം കൊലക്കേസുകളാണ്. 1980കളില്‍ കൊള്ളസംഘത്തില്‍ ചേര്‍ന്ന മുക്താര്‍ അന്‍സാരി 1990കളില്‍ സ്വന്തമായി സംഘമുണ്ടാക്കി. പണം പിടിച്ചുപറിക്കലും പണത്തിനു വേണ്ടി ആളുകളെ തട്ടിക്കൊണ്ടുപോകലുമായിരുന്നു പ്രധാന തൊഴില്‍. മൗ, ഗാസിപുര്‍, വാരണാസി, ജൗന്‍പുര്‍ എന്നീ ജില്ലകളിലാണ് ഇയാളുടെ സംഘം പ്രവര്‍ത്തിച്ചിരുന്നത്. 1970കളില്‍ പൂര്‍വ്വാഞ്ചല്‍ മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ സ്വന്തമാക്കിയാണ് ഇത്തരം സംഘങ്ങള്‍ തടിച്ചുകൊഴുത്തത്. കല്‍ക്കരി ഖനനം, റെയിലവേ കണ്‍സ്ട്രക്ഷന്‍, അവശിഷ്ടങ്ങളുടെ നിര്‍മാര്‍ജ്ജനം, പൊതുമരാമത്ത് ജോലികള്‍, മദ്യ വ്യവസായം തുടങ്ങി എല്ലാ കരാറുകളും ഇത്തരം ഗുണ്ടാസംഘങ്ങളാണ് നിയന്ത്രിച്ചിരുന്നത്.

2004ല്‍ ഭീകരവാദ നിരോധന നിയമം (POTA) പ്രകാരം അസ്റ്റിലായ മുക്താര്‍ അന്‍സാരി അന്നു മുതല്‍ ജയിലിലാണ്. ഇയാളുടെ ഒളിതാവളത്തില്‍ നിന്ന് ഒരു യന്ത്രത്തോക്ക് കണ്ടെടുത്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ബിജെപി എംഎല്‍എ ആയിരുന്ന കൃഷ്ണാനന്ദ് റായിലുടെ കൊലപാതകത്തില്‍ 2023 ഏപ്രിലില്‍ അന്‍സാരിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. 1990 മുതല്‍ വ്യാജതോക്ക് ലൈസന്‍സ് കൈവശം വച്ച കേസില്‍ ഇക്കഴിച്ച മാര്‍ച്ച് 13ന് ജീവപര്യന്തം തടവും വിധിച്ചിരുന്നു.

അഞ്ച് തവണ എംഎല്‍എ ആയതില്‍ രണ്ട് തവണ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ടിക്കറ്റിലായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group