Join News @ Iritty Whats App Group

‘വിഡ്ഢിത്തം, 2047ഓടെ ഇന്ത്യ ഇന്ത്യ വികസിത രാജ്യമാകില്ല’; ഈ ഹൈപ്പ് വിശ്വസിക്കുന്നത് വലിയ തെറ്റെന്ന് രഘുറാം രാജൻ


രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക വളർച്ച സംബന്ധിച്ചുള്ള അമിത പ്രചാരണം വിശ്വസിച്ച് ഇന്ത്യ വലിയ തെറ്റ് ചെയ്യുന്നുവെന്ന് റിസര്‍വ് ബാങ്ക്‌ മുൻ ​ഗവർണർ രഘുറാം രാജൻ. 2047ഓടെ രാജ്യം ഒരു വികസിത സമ്പദ്‌വ്യവസ്ഥ ആകുമെന്ന പ്രചാരണം വിശ്വസിക്കരുത്, അത് യാഥാർഥ്യമാക്കണമെങ്കിൽ ഇനിയും വർഷങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നുവെന്നും രഘുറാം രാജൻ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർ​ഗിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് തടസമായി നിലനിൽക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ രാജ്യം പരിഹരിക്കേണ്ടതുണ്ട്. രാജ്യത്തെ ജനങ്ങളുടെ വിദ്യാഭ്യാസവും തൊഴിലാളികളുടെ നൈപുണ്യവും മെച്ചപ്പെടുത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നമ്മുടെ കുട്ടികളിൽ പലർക്കും ഹൈസ്‌കൂൾ വിദ്യാഭ്യാസം പോലും ഇല്ല, സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് നിരക്ക് ഉയർന്ന നിലയിൽ തുടരുകയാണ്. ഈ അവസരത്തിൽ പ്രധാനമന്ത്രി പറയുന്ന പോലെ 2047ഓടെ ഇന്ത്യ ഒരു വികസിത സമ്പദ്‌വ്യവസ്ഥയാകില്ല. ഇന്ത്യ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഈ ഹൈപ്പ് വിശ്വസിക്കുക എന്നതാണ്. നമ്മൾ വികസനത്തിലേക്ക് എത്തിക്കഴിഞ്ഞെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ ആ വിശ്വാസത്തിന് ജനങ്ങൾ കീഴടങ്ങുന്നത് ഗുരുതരമായ തെറ്റായിരിക്കുമെന്നും രഘുറാം രാജൻ പറഞ്ഞു.

2047ഓടെ ഇന്ത്യയെ വികസിത സമ്പദ് വ്യവസ്ഥയാക്കുമെന്ന മോദിയുടെ വാഗ്ദാനത്തെ ‘വിഡ്ഢിത്തം’ എന്നാണ് രഘുറാം രാജൻ വിശേഷിപ്പിച്ചത്. കോവിഡിനു ശേഷം സ്കൂൾ കുട്ടികളുടെ പഠന നിലവാരം ഇടിഞ്ഞതായി കാണിക്കുന്ന കണക്കുകളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക. മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ വെറും 20.5% കുട്ടികൾക്ക് മാത്രമാണ് രണ്ടാം ക്‌ളാസിലെ പാഠ പുസ്തകങ്ങൾ മുഴുവനായി വായിക്കാൻ പോലും അറിയുകയുള്ളൂ, ഇന്ത്യയുടെ സാക്ഷരതാ നിരക്ക് വിയറ്റ്‌നാം പോലെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ പിന്നിലാണ്. ഇന്ത്യ ആദ്യം തൊഴിലാളികളെ കൂടുതൽ തൊഴിൽ യോഗ്യമാക്കേണ്ടതുണ്ടെന്നും അതിനുശേഷം അവർക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിദ്യാഭ്യാസ സമ്പ്രദായം ശരിയാക്കുന്നതിന് പകരം ചിപ്പ് നിർമ്മാണം പോലുള്ള ഉയർന്ന പ്രോജക്ടുകളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ വാർഷിക ബജറ്റിൽ ഉന്നത വിദ്യാഭ്യാസത്തിനായുള്ള തുകയേക്കാൾ കൂടുതൽ തുക ചിലവഴിക്കുന്നത് ചിപ്പ് നിർമ്മാണത്തിനുള്ള സബ്‌സിഡികൾക്കായാണ്. കേന്ദ്ര സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ തെറ്റായിപ്പോയെന്നും രഘുറാം രാജൻ പറഞ്ഞു. രാജ്യത്ത് ബിസിനസുകൾ തുടങ്ങാൻ അനുവദിക്കുന്ന സബ്സിഡികളുമായി താരതമ്യം ചെയ്യുമ്പോൾ ഉന്നത വിദ്യഭ്യസത്തിനു വേണ്ടി മാറ്റി വെയ്ക്കുന്ന തുക വളരെ ചെറുതാണെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു.

യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ ബൂത്ത് സ്‌കൂൾ ഓഫ് ബിസിനസ്സിലെ ധനകാര്യ പ്രൊഫസറായ രാജൻ, ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അറിയപ്പെടുന്ന കമൻ്റേറ്ററും ഇന്ത്യയുടെ നയങ്ങളുടെ തുറന്ന വിമർശകനുമാണ്. 2016ൽ ആണ് അദ്ദേഹം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ താപ്പത്ത് നിന്ന് ഇറങ്ങിയത്. തൻ്റെ അഭിപ്രായങ്ങളുടെ പേരിൽ രാഷ്ട്രീയക്കാരുടെ കടുത്ത വിമർശനങ്ങൾക്ക് രഘുറാം രാജൻ വിധേയനാകാറുണ്ട്.

അതേസമയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തി കാണിക്കുന്ന പ്രധാന പ്രചാരണ ആയുധമാണ് 2047 ഓടെ ഇന്ത്യയെ ഒരു വികസിത സമ്പദ് വ്യവസ്ഥയ്ക്കും എന്നത്. ഇതിനെതിരെയാണ് അന്തരാഷ്ട്ര തലത്തിൽ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്‌ധനായ രഘുറാം രാജൻ രംഗത്ത് വന്നിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group