Join News @ Iritty Whats App Group

ബി ജെ പി എംഎല്‍എയുടെ വെടിവയ്പ്; ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് ഗുരുതരാവസ്ഥയില്‍

മുംബൈ പോലീസ് സ്‌റ്റേഷനില്‍ ബിജെപി 
മുംബൈ: മഹാരാഷ്ട്രയില്‍ സ്വത്ത് തര്‍ക്കത്തിനിടെ ബിജെപി എംഎല്‍എയുടെ വെടിയേറ്റ് ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നേതാവ് ഗുരുതരാവസ്ഥയില്‍. ഇന്നലെ രാത്രി മുംബൈയ്ക്ക് സമീപമുള്ള പോലീസ് സ്‌റ്റേഷനിലാണ് വെടിവയ്പ് നടന്നത്. ബിജെപി എംഎല്‍എ ഗണപത് ഗെയ്ക്‌വാദ് ആണ് മഹേഷ് ഗെയ്ക്‌വാദിനു നേര്‍ക്കു വെടിവച്ചത്. മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. ഗണപതിനെ പോലീസ് അറസ്റ്റു ചെയ്തു.

കല്യാണ്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ഗണപത് ഗെയ്ക്‌വാദ്. മഹാരാഷ്ട്രയില്‍ ഭരണത്തിലിരിക്കുന്ന സഖ്യ കക്ഷി നേതാക്കള്‍ തമ്മിലാണ് സ്വത്തിന്റെ പേരില്‍ ഏറ്റുമുട്ടിയത്.

തര്‍ക്കപരിഹാരത്തിനാണ് ഇരുപക്ഷവും ഉല്ലാസ്‌നഗറിലെ ഹില്‍ ലൈന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. സംസാരത്തിനിടെ എംഎല്‍എ വെടിയുതിര്‍ക്കുകയായിരുന്നു. ശിവസേന നേതാവിനും കൂടെ വന്നവര്‍ക്കും വെടിയേറ്റു. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് വെടിയുണ്ടകളാണ് ശിവസേന നേതാവിന്റെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു.

സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ശിവസേന ഉദ്ധവ് താക്കറെ പക്ഷവും രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാന നില താറുമാറായി. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആള്‍ക്കാണ് വെടിയേറ്റത്. രണ്ട് കക്ഷികളും അധികാരത്തിലിരിക്കുന്നവരാണ്. ഇവര്‍ക്ക് നിയമത്തെ ഒരു ഭയവുമില്ലെ? സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും ഉദ്ധവ് താക്കറെ പക്ഷം വക്താവ് ആനന്ദ് ദുബെ കുറ്റപ്പെടുത്തി.

2022ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയെ അധികാരത്തില്‍ നിന്ന് താഴെയിറക്കി ശിവസേന പിളര്‍ത്തിയാണ് ഏക്‌നാഥ് ഷിന്‍ഡെ ബിജെപിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയായത്.

Post a Comment

Previous Post Next Post
Join Our Whats App Group