Join News @ Iritty Whats App Group

ഝാര്‍ഖണ്ഡില്‍ ചംപയ് വിശ്വാസം കാത്തു; 47 പേരുടെ പിന്തുണ, കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ചംപയ് സോറന്‍ നയിക്കുന്ന ജെ.എം.എം 'മഹത്ബന്ധന്‍' സഖ്യ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസം കാത്തു. 81 അംഗ നിയമസഭയില്‍ 47 പേരുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രി ചംപയ് സോറന്‍ അവതരിപ്പിച്ച വിശ്വാസ പ്രമേയം പാസായത്. ഇ.ഡി കസറ്റഡിയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറനും കോടതി അനുമതിയോടെ വോട്ട് ചെയ്യാന്‍ സഭയില്‍ എത്തിയിരുന്നു.

വിശ്വാസ പ്രമേയം അവതരിപ്പിച്ച ചംപയ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുകയാണ്. 2019ല്‍ ജനവിധി നേടിയാണ് ഹേമന്ദ് സോറന്‍ അധികാരത്തിലെത്തിയത്. അത്തരമൊരു മുഖ്യമന്ത്രിയെ ആണ് ഭൂമി ഇടപാടിന്റെ പേരില്‍ അറസ്റ്റു ചെയ്യുന്നത്. ഝാര്‍ഖണ്ഡിന്റെ ചരിത്രം പരിശോധിച്ചാല്‍, എപ്പോഴൊക്കെ ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ അവരുടെ ശക്തി പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം അവരുടെ നേതൃത്വം അടിച്ചമര്‍ത്തലും നേരിട്ടിട്ടുണ്ട്. ഹേമന്ദ് സോറനോട് കാണിച്ച അനീതി ഇന്ന് രാജ്യം മുഴുവന്‍ കാണുന്നുണ്ട്. ഏതൊരു ഗ്രാമത്തില്‍ ചെന്നാലും ഹേമന്ദ് സോറന്‍ കൊണ്ടുവന്ന പദ്ധതികള്‍ ഓരോ വീട്ടിലും കാണാനാവും.- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരായ കേസുകള്‍ തെളിയിക്കാന്‍ ഇ.ഡിക്ക് കഴിഞ്ഞാല്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുമെന്ന് ഹേമന്ദ് സോറന്‍ പറഞ്ഞു. 8.5 ഏക്കര്‍ ഭൂമി ഇടപാട് നടത്തിയെന്ന് ആരോപിച്ചാണ് തന്നെ അറസ്റ്റു ചെയ്തത്. എന്നാല്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ആ ഭൂമിയുടെ ആധാരങ്ങള്‍ കാണിക്കാന്‍ താന്‍ ഇ.ഡിയെ വെല്ലുവിളിക്കുകയാണ്. അവര്‍ക്കത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാം. ഇതുവരെ ഞങ്ങളെ തോല്‍പ്പിക്കാന്‍ അവര്‍ക്ക കഴിഞ്ഞിട്ടില്ല. ഇനി തന്നെ ജയിലിലടച്ച് തോല്‍പ്പിക്കാം എന്നാണ് അവര്‍ കരുതുന്നതെങ്കില്‍, ഇത് ഝാര്‍ഖണ്ഡാണ്. നിരവധി പേര്‍ അവരുടെ ജീവന്‍ നല്‍കിയ നാടാണെന്നും സോറന്‍ പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റു ചെയ്യപ്പെടുന്നത്. തന്റെ അറസ്റ്റിനു വേണ്ടി രാജ്ഭവന്‍ ഇ.ഡിയില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും ഹേമന്ദ് സോറന്‍ നിയമസഭയില്‍ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group