Join News @ Iritty Whats App Group

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍: രോഗികള്‍ ദുരിതത്തില്‍

പേരാവൂര്‍: ആകെയുള്ള ഡോക്ടര്‍മാരില്‍ ഭൂരിഭാഗം പേരും അവധിയിലായതോടെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തിലായി.സൂപ്രണ്ടടക്കം 14 ഡോക്ടര്‍ തസ്തികയുള്ള ആശുപത്രിയില്‍ നിലവില്‍ എട്ടുപേര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. 
സൂപ്രണ്ട് (ഒന്ന്), കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ (നാല്), അസി. സര്‍ജൻ (രണ്ട്), ഗൈനക്ക് (മൂന്ന്), പീഡിയാട്രിക് (ഒന്ന്), ഇ.എൻ.ടി. (ഒന്ന്), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിസിൻ (രണ്ട്) എന്നിങ്ങനെ 14 പേരാണ് ഇവിടെ വേണ്ടത്. 

സൂപ്രണ്ട് സ്ഥലം മാറ്റം ലഭിച്ച്‌ പോയതിനാല്‍ 10 മാസമായി അസി. സര്‍ജന്മാരില്‍ ഒരാളാണ് സൂപ്രണ്ട് ഇൻ ചാര്‍ജ്. ഇതോടെ ഈ വിഭാഗത്തില്‍ ഒരാളുടെ കുറവ് വന്നു. നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരില്‍ രണ്ടുപേരും മെഡിസിൻ വിഭാഗത്തിലും ഒരാളും അവധിയിലാണ്. ദന്തരോഗവിഭാഗത്തില്‍ ഡെന്റല്‍ അസി. സര്‍ജൻ പോസ്റ്റിലും ആളില്ല. എച്ച്‌.എം.സി. ഏര്‍പ്പെടുത്തിയ താത്കാലിക ഡെന്റല്‍ അസി. സര്‍ജനാണുള്ളത്.

ഒ.പി.യിലും അത്യാഹിത വിഭാഗത്തിലുമാണ് ഏറെ തിരക്ക്. ദിവസവും ആയിരത്തോളം രോഗികള്‍ ഒ.പിയിലെത്തും. ഇത്രയുമാളുകളെ പരിശോധിക്കാൻ മിനിമം നാല് ഡോക്ട‌ര്‍മാരെങ്കിലും വേണം. അത്യാഹിത വിഭാഗത്തില്‍ ദിവസം ശരാശരി 300 രോഗികളെത്തുന്നുണ്ട്. ഇവിടെ രണ്ട് ഷിഫ്റ്റിലായി രണ്ടുപേരും വേണം. 

ജീവിതശൈലീരോഗ ക്ലിനിക്ക്, പനി ക്ലിനിക്, ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് എന്നിവക്കായി രണ്ട് ഡോക്ടര്‍മാരും ആവശ്യമാണ്. ഇത്രയും ഡോക്ടര്‍മാര്‍ ആവശ്യമായിരിക്കെ, നിലവിലുള്ള നാലുപേര്‍ അവധിയിലായിട്ടും ബദല്‍ സംവിധാനം ഒരുക്കാൻ അധികൃതര്‍ തയാറാവുന്നില്ല. 

ജോലി ക്രമീകരണ വ്യവസ്ഥയില്‍ ഒരു പീഡിയാട്രീഷനും ഒരു അനസ്തറ്റിസ്റ്റുമുള്ളതിനല്‍ ശിശുരോഗ വിഭാഗം കുഴപ്പങ്ങളില്ലാതെ പോകുന്നുണ്ട്. സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല. ഒ.പിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ സ്പെഷാലിറ്റി ഡോക്‌ടര്‍മാരാണ് ഒ.പി ഡ്യൂട്ടി കൂടി ചെയ്യുന്നത്. 

ഇതിനാല്‍, ഇത്തരം സ്പെഷാലിറ്റി ഡോക്ട‌ര്‍മാരുടെ സേവനം ആവശ്യമായ രോഗികള്‍ക്ക് യഥാസമയം സേവനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. പകരം സംവിധാനം ഒരുക്കാൻ ആരോഗ്യ വകുപ്പ് തയാറാവണമെന്നാണ് ചികിത്സതേടിയെത്തുന്ന രോഗികളുടെ ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group