Join News @ Iritty Whats App Group

രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ്: കേരളത്തില്‍ ഉടനീളം യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം ; പലയിടത്തും സംഘര്‍ഷം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേരളത്തിലുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേം. പലയിടത്തും സര്‍ക്കാരിനും പോലീസിനും മുഖ്യമന്ത്രിക്കും എതിരേ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ദേശീയപാതാ ഉപരോധവും പോലസ് സ്‌റ്റേഷന്‍ മാര്‍ച്ചും ഉണ്ടായി. പലയിടത്തും പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു.

കൊല്ലത്തും കണ്ണൂരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയും പോലീസ് വന്ന് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു. കൊല്ലം ചന്ദനത്തോപ്പിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചത്. പോലീസ് എത്തി ഇവരെ നീക്കി. കണ്ണൂരില്‍ ദേശീയപാത ഉപരോധം പോലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചു നടത്തിയ ശേഷമാണ് പ്രതിഷേധം ശാന്തമായത്. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സമരത്തിനെത്തി.

പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. പത്തനംതിട്ട നഗരത്തില്‍ എംപി ആന്റോ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി. അടൂരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തൃശൂരില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലേക്കും കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇന്ന് പുലര്‍ച്ചെ രാഹുല്‍ മാങ്കൂട്ടത്തിന്റെ വീട്ടിലെത്തിയാണ് കന്റോണ്‍മെന്റ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

എന്തിനാണ് വന്നതെന്ന് പറയുക പോലും ചെയ്യാതെയാണ് രാഹുലിനെ കൊണ്ടുപോയത്. മാധ്യമങ്ങളോട് സംസാരിക്കാനും അനുവദിച്ചില്ല. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച ഫോര്‍ട്ട് ആശുപത്രിക്ക് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പിന്നീട് കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്നും ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം വഞ്ചിയൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 3 ല്‍ ഹാജരാക്കുകയും ചെയ്തു. തീവ്രവാദിയെ കൊണ്ടുപോകുന്ന പോലെയാണ് രാഹുലിനെ കൊണ്ടുപോയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group