Join News @ Iritty Whats App Group

അനീഷ്യ ജീവനൊടുക്കിയ സംഭവം ; ആരോപണ വിധേയന്‍ ജോലിക്കെത്തി; വനിതാ അഭിഭാഷകരുടെ പ്രതിഷേധം


പരവൂര്‍: മുന്‍സിഫ് കോടതി അസിസ്റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ജോലിക്കെത്തിയ അസിസ്റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രതിഷേധവുമായി വനിതാ അഭിഭാഷകര്‍. ആരോപണ വിധേയന്‍ കോടതി നടപടികളില്‍ ഇടപെട്ടതിനെതിരേ വനിതാ അഭിഭാഷകര്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് എപിപി്യോട് അവധിയില്‍ പോകാന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ അനീഷ്യയുടെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

അനീഷ്യയുടെ ഭര്‍ത്താവ് കെ.എന്‍. അജിത്ത്കുമാറിന്റെയും മറ്റ് ബന്ധുക്കളുടെയും മൊഴി ഇന്ന്് രേഖപ്പെടുത്തും. കഴിഞ്ഞമാസം 21 നാണ് അനീഷ്യയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സമ്മര്‍ദ്ദമാണ് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആത്മഹത്യയ്ക്ക് മുന്‍പ് അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളില്‍ ജോലിയില്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവധിയെടുത്ത് കേസുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നും സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഭീഷണി ഉണ്ടായെന്ന് അനീഷ്യ ഡയറിയില്‍ എഴുതിയിരുന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

നേരത്തേ പോലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിലേക്ക് എത്തിയത്. ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും സഹപ്രവര്‍ത്തകനായ അസിസ്റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ക്കും എതിരേ ആരോപണം ഉയര്‍ത്തിയിട്ടും ഡയറിയും ശബ്ദസന്ദേശവും കിട്ടിയിട്ടും പോലീസ് അന്വേഷണം ഇവരിലേക്ക് എത്തിയില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. വീട്ടുകാരുടെ എതിര്‍പ്പിനെയും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പ്രതിഷേധത്തെയും തുടര്‍ന്നായിരുന്നു കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Post a Comment

Previous Post Next Post
Join Our Whats App Group