കണ്ണൂർ | സ്കൂളിന് പുറത്ത് ചോക്ലേറ്റുമായി അവർ നിങ്ങളുടെ കുട്ടികളെ കാത്തിരിപ്പുണ്ടാകും. എന്നാൽ, അപരിചിതരിൽ നിന്ന് ഇത്തരം സമ്മാനങ്ങൾ വാങ്ങരുതെന്ന് മാതാപിതാക്കൾ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കണം.
ദിവസങ്ങൾക്ക് മുമ്പ് നഗരത്തിൽ ഒരു സ്കൂളിന് പുറത്താണ് ഇത്തരമൊരു സംഭവം ഉണ്ടായത്. അപരിചിതനായ ഒരാളെത്തി ചെറിയ കുട്ടികൾക്ക് ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് വാഹനത്തിൽ കയറാൻ നിർബന്ധിക്കുക ആയിരുന്നു.
സ്‌കൂൾ ഗേറ്റിന് പുറത്ത് വാഹനത്തിനായി കാത്ത് നിൽക്കുമ്പോൾ ആയിരുന്നു ഇത്. കുട്ടികൾ പറഞ്ഞ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ സ്കൂൾ അധികൃതർ ടൗൺ പോലീസിൽ പരാതി നൽകി. തുടർന്ന് സ്കൂൾ വിടുന്ന സമയത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.
സ്കൂൾ അധികൃതർ മാതാപിതാക്കൾക്കും ജാഗ്രതാ നിർദേശം നൽകി. എല്ലാ സ്കൂൾ വിദ്യാർഥികളും മാതാപിതാക്കളും ഇത്തരം കാര്യങ്ങളിൽ ജാഗ്രത കാണിക്കണം. സ്കൂൾ വിട്ടാൽ മാതാപിതാക്കളോ ഡ്രൈവർമാരോ എത്താതെ ചെറിയ കുട്ടികളെ തനിച്ച് സ്കൂളിന് പുറത്ത് വിടില്ല.
വാൻ, ഓട്ടോ തുടങ്ങിയ വാഹനങ്ങളിൽ സ്‌കൂളിൽ എത്തുന്ന കുട്ടികളെ ഡ്രൈവർമാർ സ്കൂൾ ഗേറ്റിൽ എത്തി കൂട്ടിക്കൊണ്ട് പോകണമെന്നും നിർദേശിച്ചിട്ടുണ്ട്.
മറ്റുനിർദേശങ്ങൾ: അപരിചിതരോട് സംസാരിക്കുകയോ അവരിൽ നിന്ന് ഒന്നും വാങ്ങുകയോ ചെയ്യരുത്, എല്ലാ ദിവസവും യാത്ര ചെയ്യുന്ന വാഹനത്തിൽ അല്ലാതെ മറ്റ് വാഹനങ്ങളിൽ കയറരുത്, കുട്ടികൾ രക്ഷിതാക്കളുടെ രണ്ട് ഫോൺ നമ്പറുകൾ എങ്കിലും ഓർത്തിരിക്കണം, കുട്ടികളെ കൂട്ടാനെത്തുന്ന ഡ്രൈവർമാർ വൈകിയാൽ സ്കൂളിന് അകത്ത് കാത്ത് നിൽക്കാൻ കുട്ടികൾക്ക് നിർദേശം നൽകണം, ഫോൺ നമ്പറുകൾ അപരിചിതർക്ക് കൈമാറരുത്.
Post a Comment