Join News @ Iritty Whats App Group

ഇരിട്ടിയിൽ പന്നിഫാമിനെതിരേ നാട്ടുകാരുടെ പ്രതിഷേധം;ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ടുവന്ന വാഹനം തടഞ്ഞിട്ടു


ഇരിട്ടി: പായം പഞ്ചായത്തിലെ തന്തോട് അളപ്രയിൽ പ്രവർത്തിക്കുന്ന പന്നിഫാമിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. മേഖലയിലെ ഹോട്ടലുകളില്‍ നിന്നും പന്നികളുടെ ഭക്ഷണത്തിനായി കൊണ്ടുവന്ന ഭക്ഷണാവശിഷ്ടങ്ങള്‍ അടങ്ങിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. നേരത്തെയും പന്നിഫാമിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടായിരുന്നു.
പന്നിഫാമിൽ നിന്നുമുള്ള ദുർഗന്ധം കാരണം സമീപപ്രദേശത്തുള്ള വീട്ടുകാർക്ക് ഏറെ പ്രയാസമാണ് ഉണ്ടാകുന്നത്. ഇവിടെ നിന്നുള്ള ദുർഗന്ധം കാരണം ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുസംബന്ധിച്ച് നേരത്തെ തന്നെ ഇവിടെനിന്നുള്ള കുടുംബങ്ങൾ ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിൽ കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. ഇതിനെത്തുടർന്നാണ് തിങ്കളാഴ്ച വൈകിട്ടോടെ പന്നിഫാമിലേക്ക് തീറ്റയായി ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ടുപോവുകയായിരുന്ന വാഹനം പ്രദേശവാസികൾ തടഞ്ഞത്. 
പഞ്ചായത്തിൻറെ അനുമതിയില്ലാതെയാണ് പന്നിഫാം പ്രവർത്തിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ദുർഗന്ധം ഇല്ലാത്ത രീതിയിൽ പന്നികളെ വളർത്താമെന്ന് നാട്ടുകാർ തന്നെ ഇവർക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ ചില ദിവസങ്ങളിൽ അസഹ്യമായ ദുർഗന്ധമാണ് വീടുകളിലേക്ക് ഉൾപ്പെടെ എത്തുന്നത്. വരും ദിവസവും ഇത്തരത്തിൽ ദുർഗന്ധം ഉണ്ടായാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് നാട്ടുകാർ പറഞ്ഞത്. അതേസമയം തങ്ങൾ ഏറെ വൃത്തിയോടെയാണ് പന്നിഫാമിന്റെ പ്രവർത്തനം നടത്തുന്നതെന്നാണ് ഫാം നടത്തിപ്പുകാർ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group