മുഖ്യമന്ത്രിയുടെ വാഹത്തിന് കരിങ്കൊടികാണിച്ച പ്രവര്‍ത്തകരെ മര്‍ദ്ദിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തല്ലിഓടിച്ചും കുരുമുളക് പ്രേ പ്രയോഗിച്ചും യൂത്ത് കോണ്‍ഗ്രസ്. കൊല്ലം ബിഷപ് ജെറോം നഗറിലാണ് ഇരു പാര്‍ട്ടിയുടെയും യുവജനസംഘടനകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.
കൊല്ലത്ത് മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ, ഏഴോളം യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പൊലീസ് തള്ളിമാറ്റി. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിനൊപ്പം വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടിയും കല്ലുമായി ഇവരെ ആക്രമിക്കുകയായിരുന്നു. രണ്ടു സംഘത്തിനുനേരെയും പൊലീസ് ലാത്തിവീശി. രണ്ടുസംഘത്തെയും രണ്ടുഭാഗത്തേക്ക് തള്ളിമാറ്റിവിട്ടു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിഷപ് ജെറോം നഗറിലേക്ക് പോയി. പിന്നാലെയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ പട്ടിക കഷ്ണങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നേരിടുകയായിരുന്നു. തുടര്‍ന്ന് ഇവിടെ വച്ച് വീണ്ടും സംഘര്‍ഷമുണ്ടായി. വീണ്ടും പൊലീസ് ഇടപെട്ടു. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. പിന്നാലെ, കൂടുതല്‍ ഡിവൈഎഫ്‌ഐക്കാരെത്തി യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചു.
സ്ഥലത്തെ ഒരു കടയ്ക്കുള്ളില്‍ കയറിയും ആക്രമണം നടന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘമെത്തി യൂത്ത് കോണ്‍ഗ്രസുകാരെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ, ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പൊലീസിന്റെ ലാത്തികൊണ്ട് തലയ്ക്ക് അടിയേറ്റു. യൂത്ത് കോണ്‍ഗ്രസുകാര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുണ്ടും വലിച്ചുരിഞ്ഞു. പൊലീസ് പ്രതിഷേധക്കാരെ മാറ്റുന്നതിനിടെ ആക്രമിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് യൂത്ത് കോണ്‍ഗ്രസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്.
കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന പ്രദേശത്ത് വലിയ തോതില്‍ പൊലീസ് ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ല്‍ ചികിത്സ തേടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അതേസമയം, കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തില്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
Post a Comment