Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളത്തിന് നാളെ അഞ്ച് വയസ്


മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച്‌ നാളെ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ വികസനമെന്നു പറയാൻ ഒന്നുമില്ല.

വിമാനത്താവളം വരുന്നതോടെ വികസനമുന്നേറ്റമുണ്ടാകുമെന്ന് പറഞ്ഞുവെങ്കിലും അതും നടന്നില്ല. രണ്ടു വര്‍ഷത്തെ കോവിഡ് പ്രതിസന്ധി വിമാനത്താവള പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതാണ് വിമാനത്താവളത്തിന് പ്രതീക്ഷിച്ച വികസന നാഴികക്കല്ലുകള്‍ പിന്നിടുന്നതില്‍ നിന്നും പിറകോട്ടടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. 

ലോകോത്തര നിലവാരത്തില്‍ തുടങ്ങി

ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന നീളമേറിയ റണ്‍വേയും ഏപ്രണും വിശാലമായ ടെര്‍മിനല്‍ കെട്ടിടവും കണ്ണൂരിലുണ്ട്. എന്നാല്‍, വിമാന സര്‍വീസുകളും യാത്രക്കാരും കുറവായതിനാല്‍ സൗകര്യങ്ങളുടെ പകുതി പോലും ഉപയോഗിക്കേണ്ടി വരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

ഓരോ മാസവും കോടികള്‍ വിമാനത്താവളത്തിന്‍റെപ്രവര്‍ത്തനത്തിന് ചെലവുണ്ട്. കസ്റ്റംസ്, സിഐഎസ്‌എഫ് എന്നിവരുടെ ശമ്ബളത്തിനുള്ള തുക മുൻകൂറായി കേന്ദ്രത്തിന് അടയ്ക്കുകയും വേണം. വിമാനത്താവള നിര്‍മാണത്തിനായി 888 കോടിയോളം രൂപയാണ് വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ അനുവദിച്ചത്. നിശ്ചിത കാലപരിധിക്കുള്ളില്‍ ഇതും തിരിച്ചടയ്ക്കണം.

വിദേശ വിമാനങ്ങള്‍ ഇറങ്ങുന്നില്ല

വിദേശ വിമാനക്കമ്ബനികള്‍ക്ക് സര്‍വീസ് നടത്താൻ അനുമതി ലഭിക്കാത്തത് വിമാനത്താവളത്തെ വലിയ തോതിലാണ് ബാധിക്കുന്നത്. സര്‍വീസിന് അനുമതി ലഭിക്കുന്നതിന് കിയാലും സംസ്ഥാന സര്‍ക്കാരും ഈ ആവശ്യം കേന്ദ്രത്തിന് മുന്നില്‍ പല തവണ ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. വലിയ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി കണ്ണൂരിലെ റണ്‍വേയിലിറങ്ങാൻ സാധിക്കുമെന്ന് കോവിഡ് കാലത്ത് കുവൈറ്റ് എയര്‍വേയ്സ് എമിറേറ്റ്സ് കമ്ബനികളുടെ വിമാനങ്ങളിറങ്ങിയതോടെ തെളിഞ്ഞതാണ്. നീളമേറിയ റണ്‍വേയും അനുബന്ധ സംവിധാനങ്ങളും പരിഗണിച്ചാല്‍ വിദേശ വിമാനക്കമ്ബനികള്‍ക്ക് എല്ലാ സൗകര്യങ്ങളും കണ്ണൂര്‍ വിമാനത്താവളത്തിലുണ്ട്. എയര്‍ ഏഷ്യയുടെ ആസിയാൻ രാജ്യങ്ങളിലേക്കുള്ള സര്‍വീസിനും കണ്ണൂരിന് പരിഗണനയില്ല. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍

50 ലക്ഷം യാത്രക്കാര്‍ 

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 50 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ സെപ്റ്റംബര്‍ 28 ന്‌ ഷാര്‍ജയില്‍ നിന്നും കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരായ പയ്യന്നൂരിലെ അജീഷും ഭാര്യ കവിതയുമാണ് 50 ലക്ഷം തികച്ച യാത്രക്കാര്‍. 

കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തി വരുമാനമുണ്ടാക്കാനുള്ള കഠിന യത്‌നത്തിലാണ് കിയാല്‍. ഇതിന്‍റെ ഭാഗമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്‍റെ കണ്ണൂര്‍- മുംബൈ സര്‍വീസ് പുനഃരാരംഭിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group