കീഴ്പള്ളി: ആറളം വില്ലേജില്‍ കല്ലിടാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ആറളം ചതിരൂരിലെ മനാങ്കുഴി ജോസിന്‍റെ പറമ്ബില്‍ പോലീസ് സുരക്ഷയില്‍ കല്ലിടാൻ എത്തിയ റീ സര്‍വേ ഉദ്യോഗസ്ഥരേയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്.
പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ റവന്യു സംഘത്തിന് തിരിച്ചുപോകേണ്ടി വന്നു.
പരിപ്പുതോട് പുഴയുടെ പുറമ്ബോക്ക് രേഖപ്പെടുത്താനെത്തിയ സര്‍വേ ഉദ്യോഗസ്ഥര്‍ ജോസിന്‍റെ പറമ്ബിലേക്ക് 11 മീറ്ററോളം കയറി കല്ലിടാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്നു തടഞ്ഞത്. 1971 ല്‍ പട്ടയം ലഭിച്ച് നികുതി കെട്ടിവരുന്ന മൂന്നേക്കര്‍ മൂന്ന് സെന്‍റ് ഭൂമിയിലെ കൃഷിയിടത്തിലേക്ക് കയറി 11 മീറ്ററാണ് സര്‍വേ വിഭാഗം അടയാളപ്പെടുത്താൻ ശ്രമിച്ചത്. പരിപ്പു തോടിന്‍റെ വീതി 15 മീറ്റര്‍ മുതല്‍ ചില സ്ഥലങ്ങളില്‍ 64 മീറ്റര്‍ വരെ വരുന്നതാണ് തര്‍ക്കത്തിന് കാരണം. തോടിന്‍റെ ഇരു വശങ്ങളിലും വലിയ അളവില്‍ കൃഷി ഭൂമി പുറംപോക്കായി അടയാളപ്പെടുത്തുന്നതാണ് നാട്ടുകകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്.
റീസര്‍വേയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കുന്നതിനു മുന്പ്, റീസര്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം അടയാളപ്പെടുത്തി കല്ലിടാൻ ശ്രമിച്ചെന്നാണ് നാട്ടുകാരുടെ പരാതി. എനിക്കും കുടുംബത്തിനും സ്വന്തമായുള്ള മൂന്നേക്കര്‍ മൂന്ന് സെന്‍റ് സ്ഥലം അളന്ന് തിരിച്ചു നല്‍കിയതിനു ശേഷം അധികം വരുന്ന ഭൂമി വിട്ടുകൊടുക്കാൻ തയാറാണെന്നായിരുന്നു സ്ഥല ഉടമ മനാങ്കുഴി ജോസ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
1933 ലെ സര്‍വേ പ്രകാരമാണ് ഇപ്പോള്‍ റീ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. ആറളം പഞ്ചായത്തിലെ വീര്‍പാട് ടൗണില്‍ 41 കുടുംബങ്ങളുടെ 5.27 ഏക്കര്‍ ഭൂമി കല്ലിട്ട് തിരിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്പാണ് ചതിരൂരിലും പരാതി ഉയരുന്നത്. പരിപ്പുതോടിന്‍റെ പുറമ്ബോക്കുമായി ബന്ധപ്പെട്ടുതന്നെ ലില്ലി തോമസ് മുരിക്കുനില്‍ക്കുന്നതില്‍, ജോസ് മാത്യു മറ്റമുണ്ടയില്‍, അഖില്‍ തുടങ്ങിയവരുടെ പരാതി നിലവിലുണ്ട്.
എന്നാല്‍ പുഴ പുറമ്ബോക്കുമായി ബന്ധപ്പെട്ട റീസര്‍വേ നടത്താൻ എത്തിയ തങ്ങളെ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞതിനാല്‍ ഇന്നലെ നടന്ന റീസര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വെമ്ബുഴ ഭാഗത്തേയും സമാനമായ പ്രശ്നമാണ്. കോടതിയില്‍ കേസ് നിലവില്‍ ഉള്ളതില്‍ വിധി അനുസരിച്ച് ചതുരൂരില്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.
إرسال تعليق