Join News @ Iritty Whats App Group

ഡോ.ഷഹാനയുടെ ആത്മഹത്യയില്‍ മതപണ്ഡിതര്‍ പുലര്‍ത്തിയ മൗനം കുറ്റകരം; വിമര്‍ശനവുമായി സ്പീക്കര്‍ എ എൻ ഷംസീര്‍



കണ്ണൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുസ്ലിം മത പുരോഹിതര്‍ക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ എ.എൻ ഷംസീര്‍.

സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഡോ.ഷഹാനയുടെ മരണത്തില്‍ മത പണ്ഡിതര്‍ മൗനം പാലിച്ചത് കുറ്റകരമാണെന്ന് സ്പീക്കര്‍ എ എൻ. ഷംസീര്‍ പറഞ്ഞു. ദേശീയ ന്യൂസ്പക്ഷ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം മതനിയമപ്രകാരം സ്ത്രീധനം വാങ്ങുന്നത് കുറ്റകരമാണ്. വിവാഹം കഴിക്കാനിരിക്കുന്ന യുവാവിന്റെ മാതാപിതാക്കള്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മതപണ്ഡിതര്‍ മൗനം പാലിക്കുകയായിരുന്നു. ഈ മൗനമാണ് യുവതിയുടെ ആത്മഹത്യയിലെക്കെത്തിയത് സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ പലപ്പോഴും താൻ വേട്ടയാടപ്പെട്ടിട്ടുണ്ട് ഏതു മതവിഭാഗത്തില്‍പെട്ടവരായാലും സ്ത്രീധനം ചോദിച്ചെത്തുന്നവരോട് നോ പറയാൻ സമൂഹം തയ്യാറാകണമെന്ന് ഷംസീര്‍ പറഞ്ഞു.

വര്‍ത്തമാന ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരല്ലെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യ ധാരാ ന്യൂനപക്ഷമായ മുസ്ലിം, ക്രിസ്ത്യൻ വിഭാഗക്കാര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. അവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അവകാശങ്ങള്‍ ഓരോന്നായി കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുക്കുകയാണ്. രാജ്യത്തെ വംശീയ ജനാധിപത്യത്തിലേക്കു കൊണ്ടുപോവാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ നമുക്കാവണം. ഭരണഘടനയുടെ അടിസ്ഥാനശിലയില്‍ മാറ്റം വരുത്താൻ ഒരു ഭൂരിപക്ഷത്തിനും കഴിയില്ല. വര്‍ഗീയത ഏതു പക്ഷത്തായാലും അതിനെ പൂര്‍ണമായും തള്ളി കളയാൻ കഴിയണം. അസാധാരണ പ്രക്രിയയിലൂടെ രാജ്യത്തിന്റെ പേരു മാറ്റാൻ വരെ ശ്രമം നടക്കുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷത്തിന്റെ കൊഴിഞ്ഞു പോക്ക് നടക്കുകയാണെന്നും ഇതിനെ കുറിച്ചുള്ള ചര്‍ച്ച നടക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയര്‍മാൻ എ.എ.റഷിദ് അധ്യക്ഷനായി. വെബ് സൈറ്റിന്റെ ഉദ്ഘാടനം രാമചന്ദ്രൻ കടന്ന പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടര്‍ അരുണ്‍ കെ.വിജയൻ , ഫാ.ജോസഫ് കാവിനടിയില്‍, ഫാ. മാര്‍ട്ടിൻ രായപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, എ.കെ അബ്ദുല്‍ ബാഖവി, ജോസഫ് എസ്.ഡാനിയേല്‍ ഫാദര്‍ കിരണ്‍ജോസ്, എം.കെ ഹമീദ്, ഡോ. സുല്‍ഫിക്കര്‍ അലി, പി.കെ മുഹമ്മദ് സാജിദ്, പാസ്റ്റര്‍ കുര്യൻ ഈപ്പൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group