Join News @ Iritty Whats App Group

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞനെതിരായ കേസിൽ സുപ്രീം കോടതി വിധി തിങ്കളാഴ്ച


ദില്ലി: ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെതിരായ ഹർജികളിൽ തിങ്കളാഴ്ച്ച വിധി പറയും. സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. 23 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹർജികളിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലം നിലനിൽക്കില്ലെന്ന് കോടതി തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.

അനുച്ഛേദം 370 എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയുടെ ഭരണഘടന സാധുതയാണ് സുപ്രീം കോടതി പരിശോധിച്ചത്. വാദങ്ങളിൽ കോടതിയെ സഹായിക്കാൻ രണ്ട് അഭിഭാഷകരെയും നിയമിച്ചിരുന്നു. ഭരണഘടനയുടെ 370ാം അനുച്ഛേദം കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ ജമ്മുകശ്‌മീരിലെ ജനങ്ങളിലേക്ക്‌ എത്തുന്നതിന്‌ തടസ്സമായിരുന്നെന്ന്‌ കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചിരുന്നു. പ്രത്യേക പദവി താത്കാലിക അടിസ്ഥാനത്തിലാണ് ഏർപ്പെടുത്തിയതെന്നും എന്നാൽ ഈ പ്രത്യേക അനുച്ഛേദം 75 വർഷം കഴിഞ്ഞിട്ടും തുടരുകയായിരുന്നുവെന്നും കേന്ദ്രം വാദിച്ചു. ജമ്മുകശ്‌മീരിന്‌ പുറമേ ഇന്ത്യൻ യൂണിയനിൽ ലയിച്ച മറ്റ്‌ നാട്ടുരാജ്യങ്ങൾക്കും ചില പ്രത്യേക അധികാരങ്ങൾ നൽകിയിരുന്നു. ഇതൊക്ക പിന്നീട് റദ്ദാക്കിയിരുന്നുവെന്നും കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group