കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി.സി.സി. സെക്രട്ടറിയുമായ സി. രഘുനാഥ് പാര്‍ട്ടിവിട്ടു. കെ.പി.സി.സി. അദ്ധ്യക്ഷൻ കെ.
സുധാകരന്റെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏറെ കാലമായി അവഗണന നേരിടേണ്ടിവന്നുവെന്നും രാജിക്കത്ത് കെ.പി.സി.സി. നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. പല പരിപാടികളില്‍നിന്നും തഴഞ്ഞു. ധര്‍മ്മടത്ത് നടന്ന യു.ഡി.എഫിന്റെ വിചാരണ സദസ്സില്‍ പോലും തന്നെ പങ്കെടുപ്പിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേ ധര്‍മ്മടത്ത് മത്സരിച്ച തന്നെ വേദിയില്‍ വേണ്ടെന്ന് തീരുമാനിക്കുന്ന രാഷ്ട്രീയ നേതൃത്വം പാര്‍ട്ടിയില്‍ ഉണ്ടാകുമ്ബോള്‍ അവരുമായി ഒത്തുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കാലത്ത് സജീവമായി പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന തന്നെ പിന്നീട് ഒരു പരിപാടികളിലും പാര്‍ട്ടി ക്ഷണിച്ചിട്ടില്ല. പുതിയ ഡി.സി.സി നേതൃത്വം എത്തിയതോടെ തന്നെയും തന്റെ അനുയായികളെയും പൂര്‍ണ്ണമായും അവഗണിക്കുകയാണ്.
1973ല്‍ സുധാകരനൊപ്പം ബ്രണ്ണൻ കോളേജില്‍ കെ.എസ്.യു. പ്രവര്‍ത്തനം ആരംഭിച്ച ആളാണ് താനെന്നും രഘുനാഥ് പറഞ്ഞു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും സുധാകരന്റെ കൂടെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു.
കഴിഞ്ഞ ആറുമാസക്കാലത്തോളമായി പാര്‍ട്ടിയിലെ തഴയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാല്‍ യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. രാജിയുടെ ഔദ്യോഗികമായ ഔദ്യോഗികമായ പ്രഖ്യാപനവും കൂടുതല്‍ വിവരങ്ങളും ഇന്ന് രാവിലെ പതിനൊന്നിന് വിളിച്ചുചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കും.
പാര്‍ട്ടി വിടുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കി അദ്ദേഹം ഇന്നലെ രാവിലെ ഫേസ് ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
ചില തുറന്നു പറച്ചിലുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന ആമുഖത്തോടെയായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ പിന്നീട് പോസ്റ്റ് പിൻവലിച്ചു. ഇത് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്ന അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് രാജി പ്രഖ്യാപനവുമായി വീണ്ടും രഘുനാഥ് രംഗത്തെത്തിയത്.
ഭാവി ഇരുളടഞ്ഞതായിരിക്കില്ല, രാഷ്ട്രീയം അവസാനിപ്പിക്കില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏക കോര്‍പ്പറേഷനിലെ കൊള്ളരുതായ്മക്കെതിരേയുള്ള പോരാട്ടമാണ് ഇനി ലക്ഷ്യം
Post a Comment