Join News @ Iritty Whats App Group

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പിടിയിലായത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും; രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു


കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് മൂവരെയും പൊലീസ് പിടികൂടിയത്.

കസ്റ്റഡിയിലെടുത്തവരെ വൈകുന്നേരത്തോടെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. കൊല്ലം കമ്മീഷണറുടെ സ്‌ക്വാഡാണ് തെങ്കാശി പുളിയറയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. പുളിയറയിലെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് മൂവരും പിടിയിലായതെന്നാണ് വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ളക്കാറും, കുട്ടിയെ കൊല്ലത്ത് ഉപേക്ഷിക്കാനായി ഉപയോഗിച്ച നീല കാറും ഒരു ഓട്ടോറിക്ഷയും ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ കൊല്ലത്ത് ഉപേക്ഷിക്കാനെത്തിയ നീല കാറില്‍ പത്മകുമാറും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടൂര്‍ കെഎപി ക്യാംപിലെത്തി പത്മകുമാറിനെയും കുടുംബത്തെയും ചോദ്യം ചെയ്തക് വരുകയാണ്. അതേ സമയം പത്മകുമാറിനെ ആറ് വയസുകാരി തിരിച്ചറിഞ്ഞിട്ടുണ്ട്.

കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. കുട്ടിയുടെ പിതാവില്‍ നിന്ന് ഇന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആറ് വയസുകാരിയുടെ പിതാവിന്റെ പത്തനംതിട്ടയിലെ ഫ്‌ളാറ്റിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാല്‍ കുറ്റകൃത്യത്തില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നും തനിക്ക് മാത്രമാണ് ബന്ധമുള്ളതെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് അടുത്ത കാലത്തായി സാമ്പത്തിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറയുന്നു. കേബിള്‍ ടിവി ബിസിനസായിരുന്നു ഇയാളുടെ ആദ്യകാല ജോലി. തുടര്‍ന്ന് റിയല്‍ എസ്‌റ്റേറ്റിലേക്കും ബേക്കറി ബിസിനസിലേക്കും മാറിയതായി നാട്ടുകാര്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Post a Comment

Previous Post Next Post
Join Our Whats App Group