Join News @ Iritty Whats App Group

ആര്‍എസ്എസിന്റെ ക്രിസ്ത്യന്‍ സ്‌നേഹം കേരളത്തില്‍ വിലപ്പോകില്ല; ആദ്യം ‘സ്‌നേഹയാത്ര’ നടത്തേണ്ടത് മുസ്ലീം വീടുകളിലേക്കെന്ന് എംഎ ബേബി



ആര്‍എസ്എസിന്റെയും ബിജെപിയുടെയും മനസ്സില്‍ വര്‍ഗീയവിഭജനം അല്ലാതെ മറ്റൊന്നും ഉണ്ടാവില്ലെന്ന് സിപിഎം നേതാവ് എംഎ ബേബി. ക്രിസ്തുമസ് കാലത്ത് കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ വീടുകളിലും ഈ ആര്‍എസ്എസുകാര്‍ ചെല്ലും എന്നാണ് അവര്‍ പറയുന്നത്.

ആര്‍എസ്എസുകാര്‍ ക്രിസ്ത്യാനികളുടെ വീടുകളില്‍ പോകുന്നതില്‍ തെറ്റൊന്നും ഇല്ല. സമൂഹത്തിലെ വിവിധതരം മനുഷ്യരെ സന്ദര്‍ശിക്കുന്നതിലൂടെ, അവരുമായി ഇടപഴകുന്നതിലൂടെ സ്വന്തം മതത്തില്‍ പെടാത്തവരും തങ്ങളെത്തന്നെ പോലുള്ള മനുഷ്യരാണെന്ന് ആര്‍എസ്എസുകാര്‍ മനസ്സിലാക്കുന്നത് , അതിനവര്‍ക്കുകഴിയുമെങ്കില്‍ , നല്ലതാണ്.

പക്ഷേ, എന്തുകൊണ്ട് ക്രിസ്ത്യാനികളുടെ വീടുകളില്‍ മാത്രം പോകുന്നു? മതാടിസ്ഥാനത്തിലേ ‘സ്‌നേഹയാത്ര’ നടത്തൂ എങ്കില്‍ ആര്‍എസ്എസുകാര്‍ ആദ്യം പോകേണ്ടത് മുസ്ലിങ്ങളുടെ വീടുകളിലേക്കാണ്. ഇന്ത്യയിലെ മുസ്ലിം സമുദായത്തെ ഒറ്റപ്പെടലിലും ഭീതിയിലും ആക്കിയത് നിങ്ങളാണ്. അവരുടെ ഭവനങ്ങളിലേക്ക് ആത്മാര്‍ത്ഥതയോടെയുള്ള ഒരു സ്‌നേഹയാത്ര നടത്താമോ? അവിടെ ചെന്ന് മാപ്പ് പറയാമോ?

എന്നിട്ട് വേണം ക്രിസ്ത്യാനികളുടെ വീടുകളില്‍ പോയി മതവിശ്വാസത്തിന്റെ പേരില്‍ എന്തുകൊണ്ട് ക്രിസ്ത്യാനികളെ ആക്രമിക്കുന്നു എന്ന് പറയുക. നിങ്ങളുടെ ആചാര്യനായ ഗോള്‍വര്‍ക്കര്‍ എഴുതിയ നിങ്ങളുടെ വേദപുസ്തകമായ വിചാരധാരയില്‍ ഇന്ത്യയ്ക്ക് മൂന്ന് ആഭ്യന്തരശത്രുക്കള്‍ ആണുള്ളത്- മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്ന് എഴുതിയതനുസരിച്ചാണ് ഇത്രയും കാലം ഈ മൂന്നു കൂട്ടരെയും തെരഞ്ഞുപിടിച്ച് ആക്രമിച്ചത് എന്നത് വിശദീകരിക്കണം.

ഈ പുസ്തകത്തില്‍ ക്രിസ്ത്യന്‍ മിഷനറിമാരെ ചോരകുടിയന്മാര്‍ എന്ന് എഴുതിയതിന് മാപ്പുചോദിക്കണം. ഗോള്‍വര്‍ക്കര്‍ മാത്രമല്ല ഇന്നത്തെയും ആര്‍എസ്എസ് നേതാക്കള്‍ ക്രിസ്ത്യാനികള്‍ ക്കെതിരെ നടത്തിയ വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ പിന്‍വലിക്കുന്നു എന്ന് പറയണം. ഒറീസയിലെ കന്ധമാലില്‍ ക്രിസ്ത്യാനികളെ ചുട്ടെരിച്ചതുമുതല്‍, ഫാ. സ്റ്റാന്‍സാമിയെ തടവിലിട്ട് പീഡിപ്പിച്ച് കൊന്നതിനും ഉത്തരേന്ത്യയില്‍ എങ്ങും ക്രിസ്ത്യാനികള്‍ ക്കെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ചും മണിപ്പൂരില്‍ വംശീയകലാപത്തിന് തീകൊളുത്തിയതിനും വിശദീകരണം നല്കണം.

ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ആയി കേരളസമൂഹത്തെ വിഭജിക്കാനുള്ള ശ്രമം ആണ് ആര്‍എസ്എസിന്റെ ക്രിസ്ത്യാനിസ്‌നേഹനാട്യം. ഇത് കേരളത്തില്‍ വിലപ്പോവില്ല എന്ന് ആവര്‍ത്തിച്ച് പറയട്ടെ.

Post a Comment

Previous Post Next Post
Join Our Whats App Group