Join News @ Iritty Whats App Group

കണ്ണൂരില്‍ കോണ്‍ഗ്രസ്-ലീഗ് ധാരണ: ടി.ഒ. മോഹനൻ രാജിക്ക്; മേയര്‍ സ്ഥാനത്തേക്ക് മുസ്‌ലിഹ്



ണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷൻ മേയര്‍ സ്ഥാനത്തില്‍ കോണ്‍ഗ്രസ്-ലീഗ് ധാരണയായി. ഈ മാസം അവസാനത്തോടെ മേയര്‍ ടി.ഒ.മോഹനൻ രാജി സമര്‍പ്പിക്കുമെന്നാണ് സൂചന. മുസ്‌ലിം ലീഗ് കോര്‍പറേഷൻ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ മുസ്‌ലിഹ് മഠത്തിലാണ് പുതിയ മേയറാവുക. മേയര്‍ സ്ഥാനം വച്ചുമാറുന്നതോടെ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന രാജിവച്ച്‌ സ്ഥാനം കോണ്‍ഗ്രസിനു കൈമാറും. 
കോണ്‍ഗ്രസിലെ പി. ഇന്ദിര ഡെപ്യൂട്ടി മേയറാകാനാണു സാധ്യത. പുതിയ വര്‍ഷത്തില്‍ പുതിയ മേയറായിരിക്കും കണ്ണൂര്‍ കോര്‍പറേഷനിലുണ്ടാകുക. ജനുവരി ആദ്യവാരം പുതിയ മേയര്‍ തെരഞ്ഞെടുപ്പ് നടക്കുംവിധമാണ് ധാരണ. 

നേരത്തെ രണ്ടരവര്‍ഷം വീതം കോണ്‍ഗ്രസും മുസ്‌ലിം ലീഗും മേയര്‍ സ്ഥാനം പങ്കിടാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇരുവിഭാഗങ്ങളും വാദമുഖങ്ങളുയര്‍ത്തി നടപ്പായിരുന്നില്ല. തുടര്‍ന്ന് ലീഗ് നിലപാട് കടുപ്പിച്ചതോടെയാണ് മേയര്‍ സ്ഥാനം മാറുന്നതില്‍ ധാരണയിലെത്തിയത്. ഇതോടെ ബാക്കിയുള്ള രണ്ടുവര്‍ഷം ലീഗ് കണ്ണൂരിലെ മേയര്‍ സ്ഥാനം വഹിക്കും. കോണ്‍ഗ്രസ് മേയര്‍ സ്ഥാനം പങ്കുവയ്ക്കാൻ വിമുഖത കാണിച്ചതോടെ കണ്ണൂരിലെ യുഡിഎഫ് പരിപാടികളടക്കം മുസ്‌ലിം ലീഗ് ബഹിഷ്കരിച്ചിരുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, ജില്ലാ പ്രസിഡന്‍റ് അബ്ദുള്‍ കരീം ചേലേരി, കണ്ണൂര്‍ മണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ വി.ഡി. സതീശനും കെ. സുധാകരനുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി നിരന്തരമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് മേയര്‍ സ്ഥാനം പങ്കുവയ്ക്കാൻ ധാരണയായത്. 55 ഡിവിഷനുകളുള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന് 35 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 21 ഉം ലീഗിന് 14 ഉം അംഗങ്ങളുണ്ട്. 

Post a Comment

Previous Post Next Post
Join Our Whats App Group