ന്യൂഡല്‍ഹി: വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ രാഷ്ര്ടീയ വമ്പന്മാരുടെ പട്ടിക തയ്യാറാക്കി ഇന്ത്യാ മുന്നണി. ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാര്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുടെ പേരുകള്‍ ഇതിനോടകം നിര്‍ദ്ദേശിക്കപ്പെട്ടു കഴിഞ്ഞു. പുതിയ പേരുകളും പട്ടികയില്‍ ഇനിയും ഇടംപിടിക്കാമെന്നാണ് മുന്നണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ക്ഷേത്രനഗരമായ വാരാണസി 1952 മുതല്‍ ഒരു ദശാബ്ദത്തോളം കോണ്‍ഗ്രസ് െകെവശം വച്ചിരുന്ന മണ്ഡലമാണ്. എന്നാല്‍, 1991 മുതല്‍ തുടര്‍ച്ചയായി ബി.ജെ.പിയെ പിന്തുണയ്ക്കുകയും (2004 ല്‍ ഒഴികെ) 2014 ലും 2019 ലും 60 ശതമാനത്തിലധികം വോട്ടു നല്‍കി മോദിയെ വിജയിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വന്‍ പദ്ധതിയുമായി പ്രതിപക്ഷസഖ്യം രംഗത്തെത്തുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നതിനു പിന്നാലെയാണു വിവരം പുറത്തുവരുന്നത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയില്‍നിന്നു സീറ്റ് പിടിച്ചെടുക്കുക എളുപ്പമായിരിക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തലെങ്കിലും അത്ഭുതം സാധ്യമാക്കാനുള്ള പരിശ്രമത്തിലാണ് സഖ്യം. മോദി സര്‍ക്കാരിന്റെ കടുത്ത എതിരാളികളില്‍ ഒരാളായ നിതീഷ് കുമാര്‍ ഒരുകാലത്ത് ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു. ഇപ്പോഴാകട്ടെ, പ്രധാനമന്ത്രിയെ തറപറ്റിക്കാനുള്ള പ്രതിപക്ഷ ഐക്യത്തിന് അദ്ദേഹം ചുക്കാന്‍ പിടിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായും അദ്ദേഹത്തിന്റെ മുഖം ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹമത് നിരസിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷയോഗത്തിനു മുമ്പ് പട്‌നയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു.
പോസ്റ്ററുകളുമായുള്ള ബന്ധം ജെ.ഡി.യു. നിഷേധിച്ചു. എന്നാല്‍, പാര്‍ട്ടി വക്താവ് നീരജ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇന്ത്യ സഖ്യത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് വ്യക്തമാകുന്ന സൂചനകള്‍. അതേസമയം, യോഗത്തില്‍ ഇതു പ്രതിഫലിച്ചില്ലെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. യോഗം അവസാനിച്ച നിമിഷംതന്നെ നിതീഷ് കുമാറും ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവും സ്ഥലം വിട്ടിരുന്നു. ബിഹാറില്‍ നിതീഷിന്റെ സഖ്യകക്ഷിയാണ് ആര്‍.ജെ.ഡി.
ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കോണ്‍ഗ്രസ് നേതാവാണ് പ്രിയങ്കാ ഗാന്ധി. 2019 ല്‍ മോദിക്കെതിരേ വാരാണാസിയില്‍ മത്സരിക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായെങ്കിലും അതു സംഭവിച്ചില്ല. അജയ് റായിയെയാണ് കോണ്‍ഗ്രസ് അവിടെ രംഗത്തിറക്കിയത്. മോദിയേക്കാള്‍ അഞ്ചു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പിന്നിലായ അജയ് റായി അന്നവിടെ മൂന്നാം സ്ഥാനത്തായിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഖാര്‍ഗെയെ നിര്‍ദ്ദേശിച്ച മമതാ ബാനര്‍ജിയാണ് വാരാണസിയിലേക്ക് ഇത്തവണ പ്രിയങ്കയുടെ പേര് നിര്‍ദ്ദേശിച്ചെതെന്നു സൂചനയുണ്ട്. മാസങ്ങള്‍ക്കു മുമ്പേ മണ്ഡലവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ പേര് വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.
ഇന്ത്യ സഖ്യം നിര്‍ദ്ദേശിക്കാനിടയുള്ള മൂന്നാം പേരുകാരന്‍ ആം ആദ്മി പാര്‍ട്ടിയുടെ തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളായിരിക്കാമെന്നാണ് അഭ്യൂഹം. 2014 ല്‍ നരേന്ദ്രമോദിക്കെതിരേ വാരാണസിയില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം വോട്ടുകള്‍ നേടി അദ്ദേഹമന്ന് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
പ്രധാനമന്ത്രിക്കെതിരേ ഒരു പൊതുസ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞാലും കടമ്പ പിന്നിടാന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണ് സമീപകാല രാഷ്ട്രീയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ ബി.ജെ.പി. തൂത്തുവാരിയതു കഴിഞ്ഞ മാസമാണ്. മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടാതെ മോദി പ്രഭാവത്തിലാണ് ഈ സംസ്ഥാനങ്ങളെ ബി.ജെ.പി. െകെപ്പിടിയിലൊതുക്കിയത്. വാരാണസിയില്‍ ഇന്ത്യ സഖ്യത്തിന് എന്തു ചെയ്യാനാകുമെന്ന് കാത്തിരുന്നു കാണാം.
إرسال تعليق