കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ 'ബ്ലഡി കണ്ണൂര്‍' പരാമര്‍ശത്തിനെതിരെ കണ്ണൂരില്‍ വ്യാപക പ്രതിഷേധം.
പ്രകടനവും പ്രതിഷേധ യോഗവും നടത്തിയും ഗവര്‍ണറുടെ കോലം കത്തിച്ചും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്ബസുകളിലും ഡി.വൈ.എഫ്.ഐ മേഖല കേന്ദ്രങ്ങളിലും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തി. കണ്ണൂരില്‍ കാല്‍ടെക്സ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച ഡി.വൈ.എഫ്.ഐ പ്രകടനം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കോലം കത്തിച്ച് സമാപിച്ചു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് പേപിടിച്ച തെരുവ് പട്ടിയെ പോലെയാണെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി അഡ്വ. സരിൻ ശശി പറഞ്ഞു. ഗവര്‍ണറെ കണ്ണൂര്‍ ജില്ലയില്‍ കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് അഫ്സലും പ്രസ്താവിച്ചു. കേരള ഗവര്‍ണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നെറികെട്ട രാഷ്ട്രീയ നിലപാടിനെതിരെയാണ് പ്രതിഷേധമെന്ന് നേതാക്കള്‍ പറഞ്ഞു. 'മിസ്റ്റര്‍ ചാൻസലര്‍ ഇത് ബ്ലഡി കണ്ണൂരല്ല, ബോള്‍ഡ് കണ്ണൂരാണ്' എന്ന ബാനറും നഗരത്തില്‍ ഉയര്‍ത്തി. അഡ്വ. സരിൻ ശശി, ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സല്‍, സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഷിമ, പി.എം അഖില്‍, എം. ശ്രീരാമൻ, എം.സി. രമില്‍, അഖില്‍ പി. ബാബു എന്നിവര്‍ നേതൃത്വം നല്‍കി. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് അടക്കം കലാലയങ്ങളിലും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ന്നു.
إرسال تعليق