പാലക്കാട്: കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ് കേന്ദ്രത്തിനാണ് ഇന്നലെ പാലക്കാട് തുടക്കം കുറിച്ചത്. തിങ്കളാഴ്ചയായിരുന്നു പാലക്കാട് ലുലുവിന്റെ ഉദ്ഘാടനം. പാലക്കാട് സ്വദേശി പ്രണവ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു. ജന്മനാ രണ്ടു കൈകളുമില്ലാത്തയാളാണ് പ്രണവ്.
ഉദ്ഘാടന ചടങ്ങ് നിർവഹിക്കാനെത്തിയതാണ് വ്യവസായി എം. എ യൂസഫലി. അദ്ദേഹത്തെ കാണുക എന്ന ലക്ഷ്യത്തോടെയാണ് പ്രണവ് വന്നത്. എം. എ യൂസഫലിയെ കണ്ടയുടൻ തന്നെ പ്രണവ് തന്റെ സന്തോഷം പങ്കുവച്ചു. കാലുകള്‍കൊണ്ട് ഇരുവരുടേയും സെല്‍ഫി പ്രണവ് എടുത്തു. ശേഷം സാറില്‍ നിന്ന് ഒരു സഹായം വേണമെന്ന് ആവശ്യപ്പെട്ടു.
‘എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍’, കരഞ്ഞുകൊണ്ട് തന്റെ ആവശ്യം പ്രണവ് അദ്ദേഹത്തെ അറിയിച്ചു.
ചോദ്യം കേട്ടയുടൻ തന്നെ പ്രണവിനെ ചേര്‍ത്തിരുത്തികൊണ്ട് മോന് എന്ത് ജോലിയാണ് വേണ്ടതെന്ന് യൂസഫലി ചോദിച്ചു. ‘എന്തും ചെയ്യാന്‍ കോണ്‍ഫിഡന്‍സുണ്ട്’ എന്നായിരുന്നു പ്രണവ് മറുപടി കൊടുത്തത്. ഉടൻതന്നെ യൂസഫലി തന്റെ ജീവനക്കാരനോട് പ്രണവിന് ചെയ്യാനാകുന്ന ജോലി നല്കാന് നിര്‍ദേശം കൊടുത്തു. കൂടാതെ അടുത്ത തവണ താൻ മാളില്‍ വരുമ്പോള്‍ പ്രണവ് ജോലി ചെയ്യുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു.
കാലുകൊണ്ട് വരച്ച യൂസഫലിയുടെ ചിത്രവും അദ്ദേഹത്തിന് നല്കി. ഷാഫി പറമ്പിൽ എംഎല്‍എ യും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ് കേന്ദ്രമാണ് പാലക്കാട് പ്രവർത്തനം ആരംഭിച്ചത്. പാലക്കാടിന്റെ കര്‍ഷകര്‍ക്ക് പദ്ധതി കൈതാങ്ങാകുമെന്നും 1400 പേര്‍ക്കാണ് പുതിയതായി തൊഴിലവസരം ലഭിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
إرسال تعليق