Join News @ Iritty Whats App Group

ഡോ. ഷഹ്നയുടെ മരണം; റുവൈസിന്‍റെ ചാറ്റുകള്‍ അപ്രത്യക്ഷം, ഫോണ്‍ സൈബര്‍ പരിശോധനക്ക്

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ഇവരുടെ ആണ്‍സുഹൃത്ത് ഡോ. റുവൈസിന്‍റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കാന്‍ പൊലീസ്. റുവൈസിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോണ്‍ പൊലീസ് വിശദമായി പരിശോധിച്ചു. ഫോണ്‍ പരിശോധിച്ചെങ്കിലും ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് റുവൈസിന്‍റെ ഫോണിലെ വാട്സ് ആപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ളവയില്‍ വിശദമായ പരിശോധനക്കായി ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 

ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് പൊലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹ്നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group