തിരുവനന്തപുരം: സർവകലാശാലകളിലെ സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലികളെ ഗവർണർ നാമനിർദേശം ചെയ്യുകയാണെന്ന ആരോപണവുമായി എസ്എഫ്ഐ. ഉന്നത വിദ്യാഭ്യാസരംഗത്തെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തുമെന്ന് പി എം ആർഷോ പറഞ്ഞു.
കെ സുരേന്ദ്രൻ നൽകുന്ന ലിസ്റ്റാണ് ഗവർണർ സർവകലാശാലകളിലെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്ന് പി എം ആർഷോ പറഞ്ഞു. കെഎസ്‌യുവിനും എംഎസ്എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പുറമെ കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്കും സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്തിരിക്കുകയാണ് ഗവർണർ. വിദ്യാർത്ഥി മണ്ഡലത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മുഴുവൻ പേരും എ ബി വി പി പ്രവർത്തകരാണ്. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യുന്നതിന് പകരം, എ ബി വി പി പ്രവർത്തകരെ തെരഞ്ഞ്പിടിച്ച് നോമിനേറ്റ് ചെയ്തിരിക്കുകയാണ്. മറ്റ് മണ്ഡലങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
إرسال تعليق