Join News @ Iritty Whats App Group

പാഠപുസ്തകത്തില്‍ ശാസ്ത്രബോധം വളര്‍ത്താനുളള പാഠങ്ങളും ലൈംഗിക വിദ്യാഭ്യാസവും ഉള്‍പ്പെടുത്തും: വി ശിവന്‍കുട്ടി

കൊച്ചി: സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി പുതുക്കുന്ന പാഠപുസ്തകങ്ങളിൽ ആധുനിക കാലത്തിന്റെ എല്ലാ വെല്ലുവിളികളേയും നേരിടാനാവശ്യമായ പാഠ ഭാഗങ്ങൾ ഉൾകൊള്ളിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശാസ്ത്രാവബോധം വളർത്താനുള്ള പാഠങ്ങൾ, ലൈംഗിക വിദ്യാഭ്യാസം, കുട്ടികളുടെ അവകാശങ്ങൾ, പ്രധാനമായും പോക്സോ നിയമം തുടങ്ങിയവ പാഠ്യപദ്ധതിയില്‍​ ഉള്‍കൊള്ളിക്കുമെന്ന് മന്ത്രി അറിയിച്ചു.

മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള പാഠഭാ​ഗങ്ങൾ ഉണ്ടായിരിക്കും. ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. മാലിന്യ നിർമാർജ്ജനം സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ചെറിയ ക്ലാസ് മുതൽ പാഠങ്ങൾ ഉൾപ്പെടുത്തും കാലാവസ്ഥാ വ്യതിയാനം- ആഗോളതാപനം സംബന്ധിച്ച പാഠങ്ങളും പരിഷ്കരിച്ച പുസ്തകത്തിൽ ഉൾപ്പെടും.

തൊഴിലിനോട് കുട്ടികൾക്ക് പോസിറ്റീവായ മനോഭാവം വളർത്താനുള്ള പ്രത്യേക പുസ്തകങ്ങൾ തന്നെ തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് യോഗ ഉൾപ്പെടെ പ്രത്യേകം പുസ്തകങ്ങൾ, റോഡ് സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച പാഠങ്ങൾ, കലാവിദ്യാഭ്യാസത്തിന് അഞ്ചാം ക്ലാസ് മുതൽ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ പാഠപുസ്തകളിൽ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ചരിത്രം പഠിക്കേണ്ട എന്ന കേന്ദ്ര നിലപാട് ശരിയല്ല. കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങൾ കേരളം പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തും. അത് പരീക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങളാണ് ആദ്യം പരിഷ്കരിക്കുന്നത്. പുതിയ അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യിൽ പുസ്തകം എത്തിക്കും. 2025 ജൂണിൽ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂർണമായി കേരളത്തിൽ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group