Join News @ Iritty Whats App Group

കേരള ഫീഡ്സ് ഉദ്പാദിപ്പിച്ച കാലിത്തീറ്റയിൽ അണുബാധ, 50 ടണ്ണിലേറെ കാലിത്തീറ്റ തിരിച്ചയച്ചു, ലക്ഷങ്ങളുടെ നഷ്ടം


തിരുവങ്ങൂർ: സംസ്ഥാനത്തെ പ്രമുഖ പൊതുമേഖല കാലിത്തീറ്റ ഉദ്പാദന കമ്പനിയായ കേരള ഫീഡ്സ്സിന്‍റെ തിരുവങ്ങൂരിലെ പ്ലാന്‍റില്‍ ഉദ്പാദിപ്പിച്ച ലക്ഷക്കണക്കിന് രൂപയുടെ കാലിത്തീറ്റ ഉപയോഗ ശൂന്യമായി. അ‍ഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്ത അന്‍പത് ടണ്ണിലേറെ കാലിത്തീറ്റ മതിയായ ഗുണനിലവാരമില്ലാത്തതിനാല്‍ കമ്പനിയിലേക്ക് തിരിച്ചയച്ചു.

ഗുണമേന്‍മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു കമ്പനിയായിരുന്നു കേരള ഫീഡ്സ്. ഈ കമ്പനിയില്‍ ഉദ്പാദിപ്പിച്ച കാലിത്തീറ്റയാണ് ഇപ്പോള്‍ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി തിരിച്ചയച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തവിടില്‍ പൂപ്പല്‍ ബാധിച്ചതാണ് കാലിത്തീറ്റ നശിക്കാന്‍ കാരണം. ഇവ ചാക്കുകളില്‍ നിറച്ച് മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ വിതരണവും ചെയ്തു. എലൈറ്റ്, മിടുക്കി, കന്നുകുട്ടി പരിപാലന തീറ്റ എന്നിവയാണ് ഇവിടെ ഉദ്പാദിപ്പിക്കുന്നത്. ചാക്കൊന്നിന് 1600ഓളം രൂപയുള്ള തീറ്റകളുടെ ഗുണനിലവാരത്തിലാണ് ഇപ്പോള്‍ ആശങ്ക.

തിരിച്ചയച്ച കാലിത്തീറ്റ കമ്പനി പറമ്പില്‍ കുഴിച്ച് മൂടി. പതിനാല് ലക്ഷത്തോളം രൂപയാണ് ഈയിനത്തില്‍ കമ്പനിക്ക് നഷ്ടമായത്. ഓരോ ഷിഫ്റ്റിലും 1500 ലേറെ ചാക്ക് കാലിത്തീറ്റ ഇവിടെ ഉദ്പാദിപ്പിച്ചിരുന്നു. ഇപ്പോള്‍ എല്ലാം മന്ദഗതിയിലാണ്. പൊതു മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള ഫീഡ്സ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നത് മാനേജുമെന്‍റിന്‍റെ പിടിപ്പ് കേട് മൂലമെന്നാണ് തൊഴിലാളി സംഘടനകളുടെ ആക്ഷേപം.

അപ്രതീക്ഷിതമായി പെയ്ത മഴ മൂലം വിതരണത്തിനിടെ കാലിത്തീറ്റ ചാക്കുകള്‍ നനഞ്ഞതാണ് പൂപ്പലിന് കാരണമെന്ന് കമ്പനി അധികൃതര്‍ വിശദീകരിക്കുന്നത്. നാമമാത്രമായ ചാക്കുകളാണ് ഈ രീതിയില്‍ നശിച്ചതെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group